ജയ്പൂര്‍: ‘അവര്‍ വന്നു. ഹോട്ടലില്‍ കയറി രുചികരമായ ഭക്ഷണം ആര്‍ത്തിയോടെ കഴിച്ചു. 10,900 രൂപയുടെ വലിയ ബില്‍ അടയ്ക്കാതെ കടന്നുകളഞ്ഞു. ഗതാഗതക്കുരുക്കില്‍ അകപ്പെട്ട അഞ്ചംഗ വിനോദസഞ്ചാരികളെ ഹോട്ടലിലെ ജീവനക്കാര്‍ പിന്തുടര്‍ന്ന് കൈയോടെ പിടികൂടി’- രാജസ്ഥാനില്‍ സ്ഥലം കാണാന്‍ എത്തിയ ഗുജറാത്തില്‍ നിന്നുള്ള വിനോദസഞ്ചാരികളെ കൈയോടെ പിടികൂടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

രാജസ്ഥാനിലെ മൗണ്ട് അബുവിനടുത്തുള്ള സിയാവയിലുള്ള ഹാപ്പി ഡേ ഹോട്ടലിലാണ് സംഭവം. യുവതി ഉള്‍പ്പെടെ അഞ്ച് വിനോദസഞ്ചാരികളുടെ സംഘമാണ് ഭക്ഷണം കഴിക്കാനെത്തിയത്. ഹോട്ടലില്‍ എത്തിയ സംഘം ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയും കഴിക്കുകയും ചെയ്തു. എന്നാല്‍, 10,900 രൂപയുടെ ബില്‍ അടയ്‌ക്കേണ്ട സമയമായപ്പോള്‍ അവര്‍ അവിടെ നിന്നും ബില്ലടയ്ക്കാതെ മുങ്ങുകയായിരുന്നു.

രക്ഷപ്പെടാന്‍ പഴയ തന്ത്രമായ ടോയ്‌ലെറ്റില്‍ പോകുന്നെന്ന് പറഞ്ഞാണ് ഇവര്‍ ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞത്. ഇവര്‍ ഒന്നിനുപിറകെ ഒന്നായാണ് പുറത്തേയ്ക്ക് കടന്നത്. തുടര്‍ന്ന് അവര്‍ കാറില്‍ കയറി രക്ഷപ്പെടുന്നത് കണ്ട ഹോട്ടല്‍ ഉടമയും ജീവനക്കാരും ഇവരെ പിന്തുടരാന്‍ തുടങ്ങി. ഗുജറാത്തിനും രാജസ്ഥാനും ഇടയിലുള്ള അതിര്‍ത്തിയായ അംബാജി ലക്ഷ്യമാക്കിയാണ് കാര്‍ നീങ്ങിയത്. അതിനിടെ കാര്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ അഞ്ചുപേരെയും സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. ഹോട്ടലിലെ ബില്‍ അടയ്ക്കാന്‍ വിനോദസഞ്ചാരികള്‍ സുഹൃത്തിനെ വിളിച്ച് ഓണ്‍ലൈനായി പണം കൈമാറാന്‍ ആവശ്യപ്പെട്ടതായാണ് വിവരം.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *