കല്‍പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് ജനകീയ കര്‍മ സമിതി ജനുവരി ആദ്യവാരം താമരശേരി ചുരത്തില്‍ സമരം സംഘടിപ്പിക്കുന്നു. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. വയനാടിനെ കോഴിക്കോടുമായി ചുരമില്ലാതെ ബന്ധിപ്പിക്കുന്ന പൂഴിത്തോട് റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി പടിഞ്ഞാറത്തറ കേന്ദ്രീകരിച്ച് നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം ജനുവരി ഒന്നിന് നാലാം വര്‍ഷത്തിലേക്ക് കടക്കും.
പൂഴിത്തോട് റോഡിന്റെ പ്രാഥമിക ഡിപിആര്‍ ഒക്ടോബര്‍ 25നകം തയാറാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിലും മറ്റും കുരുങ്ങി. വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ് എത്തും. ഡിപിആര്‍ തയാറാക്കല്‍ വീണ്ടും അനിശ്ചിതത്വത്തിലാകും. എന്നിരിക്കേ വിഷയത്തില്‍ അധികാരികളുടെ ശ്രദ്ധ തിരിക്കുന്നതിനാണ് ചുരത്തില്‍ സമരം ആസൂത്രണം ചെയ്തത്. സമരത്തിനു മുന്നോടിയായി കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കും.
