പുൽപള്ളി : വീട്ടിമൂല, ചാത്തമംഗലം, പാളക്കൊല്ലി, ആനപ്പാറ മുതലായ ഉന്നതികളിലെ യുവാക്കളുടെ ചെണ്ട പരിശീലനം നാടിന് മാതൃകയാവുകയാണ്.
“തെറ്റായ ലഹരികൾ നാടിന്റെ താളം തെറ്റിക്കുന്ന കാലത്ത്, പോസിറ്റീവ് ലഹരികളുടെ താളം തിരിച്ചുപിടിക്കാനാണ് ഒരുപറ്റം യുവാക്കൾ ചെണ്ടക്കോലുകളുമായി പാളക്കൊല്ലി ഉന്നതിയിൽ ചെണ്ട പരിശീലനം തുടങ്ങിയത്. എ.എസ്.സജിൻ, എം.കെ. വിഷ്ണു മുതലായവരുടെ നേതൃത്വത്തിലാണ് വൈകുന്നേരങ്ങളിൽ മുപ്പതോളം പേർ പരിശീലനം നടത്തുന്നത്.അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ സജിത് ചന്ദ്രൻ, വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം, സർക്കിൾ ഇൻസ്പെക്ടർ എം.കെ.സുനിൽ,സിവിൽ എക്സൈസ് ഓഫിസർ കെ.പി വീരാൻ മുതലായവർ പാളക്കൊല്ലി ഉന്നതി സന്ദർശിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ ലഹരിക്കെതിരെയുള്ള ചെണ്ടമേളം മാതൃകാപരമായ ഇടപെടൽ ആണെന്നും, മറ്റു ഉന്നതിക്കാർക്ക് മാതൃകയാക്കാവുന്ന ഒന്നാണെന്നും ചൂണ്ടിക്കാട്ടി.
വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ സന്ദേശം നൽകി.
