എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിയ്ക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് പദ്ധതിയുടെ ഭാഗമായി അച്ചൂരാനം വില്ലേജില്‍ ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാക്കിയ സര്‍വ്വെ റിക്കോര്‍ഡുകള്‍ റവന്യൂ വകുപ്പിന് കൈമാറി. ജില്ലയിലെ 71253 ഹെക്ടര്‍ ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വ്വെ ഫീല്‍ഡ് ജോലികള്‍ പൂര്‍ത്തിയാക്കുകയും 230715 കൈവശ ഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. കളക്ടറുടെ ചേമ്പറില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീക്ക് സര്‍വ്വെ ഡെപ്യൂട്ടി ഡയക്ടര്‍ ആര്‍ ബാബു ഡിജിറ്റല്‍ രേഖകള്‍ കൈമാറി. അച്ചൂരാനം വില്ലേജിലെ ഭൂനികുതി, രജിസ്‌ട്രേഷന്‍, ഭൂരേഖ പരിപാലനം തുടങ്ങിയ മുഴുവന്‍ സേവനങ്ങളും ഡിജിറ്റല്‍ സര്‍വ്വെ റെക്കോര്‍ഡ് പ്രകാരം എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി റവന്യൂ വകുപ്പിന് കൈമാറുന്ന വില്ലേജുകളിലെ ഭൂമി സംബന്ധമായ എല്ലാ സേവനങ്ങളും എന്റെ ഭൂമി പോര്‍ട്ടലിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാവും. സര്‍വ്വെ റെക്കോര്‍ഡുകളില്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന പരാതികള്‍ എല്‍.ആര്‍.എം സംവിധാനത്തിലൂടെ അതത് താലൂക്ക് ഓഫീസുകളിലൂടെ 30 ദിവസത്തിനകം പരാതി പരിഹരിച്ച് നല്‍കും. ഭൂ ഉടമയായ ഓരോ കൈവശക്കാരനും ആധാര പ്രകാരമുള്ള സ്ഥലത്തിന്റെ വ്യക്തമായ അതിര്‍ത്തി ഡിജിറ്റല്‍ സര്‍വ്വെ ആരംഭിക്കുന്നതിന് മുന്‍പ് ഭൂമിയില്‍ സ്ഥാപിക്കണം. സ്ഥലത്ത് സര്‍വ്വെ നടക്കുന്ന സമയത്ത് ഉദ്യോഗസ്ഥര്‍ക്ക് കൈവശക്കാര്‍ അതിര്‍ത്തി കാണിച്ചുകൊടുക്കണം. വ്യക്തമായി അതിര്‍ത്തിയില്ലാത്ത സ്ഥലങ്ങള്‍ ഡിജിറ്റല്‍ സര്‍വ്വെയില്‍ പ്രത്യേകം സര്‍വ്വെ ചെയ്യില്ലെന്നും ഭൂമി സംബന്ധമായ വിഷയങ്ങളില്‍ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുന്നതിന് നടപടികളില്‍ പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും അധികൃതര്‍ അറിയിച്ചു. ഭൂമി സംബന്ധിച്ച രേഖകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്നതിനാല്‍ ഭൂരേഖകളുടെ പകര്‍പ്പ് വേഗത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയും.

കളക്ട്രേറ്റില്‍ നടന്ന പരിപാടിയില്‍ സബ് കളക്ടര്‍ അതുല്‍ സാഗര്‍, സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടര്‍ കെ ബാലകൃഷ്ണന്‍, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി റീ-സര്‍വ്വെ സൂപ്രണ്ടുമാരായ മുഹമ്മദ് ഷരീഫ്, ഇസ്സുദ്ദീന്‍, ചാര്‍ജ്ജ് ഓഫീസര്‍ പി. ദീപക്, വൈത്തിരി എല്‍.ആര്‍ തഹസില്‍ദാര്‍ മനോജ്, വൈത്തിരി സബ് രജിസ്ട്രാര്‍ ഉഷാമണി, ഹുസൂര്‍ ശിരസ്തദാര്‍ ഷാജി.വി.കെ, ഹെഡ് സര്‍വെയര്‍മാര്‍, ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍മാര്‍, സര്‍വെയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *