‘ദൃശ്യം 3’ പോലെ മലയാളികൾ ഈ വർഷം കാത്തിരിക്കുന്ന മറ്റൊരു ചിത്രമുണ്ടാകില്ല. മോഹൻലാൽ എന്ന നടനിലും ജീത്തു ജോസഫ് എന്ന സംവിധായകനിലുമുള്ള സിനിമാ പ്രേക്ഷകരുടെ വിശ്വാസം കൂടിയാണ് ചിത്രത്തിനായുള്ള കാത്തിരിപ്പ് കൂട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഇത്തവണ ജോർജുകുട്ടിക്ക് കുടുംബത്തിനകത്ത് നിന്ന് തന്നെയാണ് പണി വരുന്നതെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

മോഹൻലാലിന്റെ ഇളയ മകൾ അനുവായി എസ്തർ അനിൽ ആണ് ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ ദൃശ്യം 3യെക്കുറിച്ചുള്ള തന്റെ പ്രതീക്ഷ പങ്കുവയ്ക്കുകയാണ് എസ്തർ. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു നടി. എല്ലാവരെയും പോലെ താനും ദൃശ്യം 3യ്ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് എസ്തർ പറഞ്ഞു.

“ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ്. ആവേശത്തിലുമാണ്. സിനിമ ഷൂട്ട് തുടങ്ങുമ്പോൾ തന്നെ നമ്മൾ ആ കാരക്ടറിലേക്ക് വരും. എന്റെ കാരക്ടറിന്റെ പ്രായം തന്നെ വ്യത്യസ്തമാണല്ലോ. ചെറിയ കുട്ടി, പിന്നെ ടീനേജർ, അതുകഴിഞ്ഞ് മുതിർന്ന ഒരാൾ. എല്ലാവരുടെയും കൂടെ സിനിമ തുടങ്ങുമ്പോൾ എനിക്കങ്ങനെ പ്രത്യേകിച്ച് വ്യത്യാസമൊന്നും തോന്നിയിട്ടില്ല”.- എസ്തർ പറഞ്ഞു.

ദൃശ്യം 3യിൽ ജോർജുകുട്ടിയെ ചതിക്കുന്നത് എസ്തർ‌ ആണെന്ന തരത്തിൽ ഫൺ മീം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്ത് തോന്നുന്നു എന്ന ചോദ്യത്തിനും നടി മറുപടി നൽകി.

“ഞാനും കണ്ടിരുന്നു. ശരിക്കും ഞാനും അത് ആസ്വദിക്കാറുണ്ട്. ഓരോരുത്തരുടെയും തിയറികളും അതുപോലെ എക്സ്പ്ലെയ്ൻ പോസ്റ്റുകളുമൊക്കെ വായിക്കുന്നത് തന്നെ രസമാണ്. ഏപ്രിലിൽ‌ സിനിമ വരുമല്ലോ, അപ്പോൾ നമുക്ക് കാണാം”.- എന്നായിരുന്നു എസ്തറിന്റെ മറുപടി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *