കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാര്‍ച്ചിന് ഒന്നിന് നടക്കുന്ന ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് ജില്ല സജ്ജമാണെന്നും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ എല്ലാവരുടെയും മികച്ച പിന്തുണയാണ് ലഭിച്ചത്. മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ നഷ്ടമായ മുണ്ടക്കൈ ഗവ എല്‍.പി സ്‌കൂള്‍, വെള്ളാര്‍മല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെള്ളാര്‍മല വില്ലേജ്, വെറ്റിറിനറി പോളി ക്ലിനിക്, അങ്കണവാടി എന്നിവ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ തന്നെ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ 13 പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മേപ്പാടി പുതിയ വില്ലേജ് പരിസരത്ത് കണ്ടെത്തിയ അഞ്ച് ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ്ഏറ്റെടുത്തിട്ടുണ്ട്. ഭൂമിയുടെ പട്ടയം മുഖ്യമന്ത്രിടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് ഗുണഭോക്താക്കള്‍ക്ക്കൈമാറും. ഉരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ഷിപ്പ് മാതൃകയിലാണ് പുതിയ വില്ലേജിലും പുനരധിവാസം സജ്ജമാക്കുന്നത്. ടൗണ്‍ഷിപ്പില്‍ വീട്, സാമ്പത്തിക സഹായം എന്നിവ വേണ്ടെന്ന് പറഞ്ഞവരും സാമ്പത്തിക സഹായം മാത്രം മതിയെന്ന് പറഞ്ഞവരും നിലവില്‍ ടൗണ്‍ഷിപ്പിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചതായും കളക്ടര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് ഒന്നിന് കല്‍പ്പറ്റ ടൗണിലും ബൈപ്പാസിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഉദ്ഘാടനത്തിനെത്തുന്ന ആളുകളുടെ വാഹനങ്ങള്‍ കല്‍പ്പറ്റ എസ്.കെഎം.ജെ സ്‌കൂള്‍ ഗ്രൗണ്ട്, എം.സി.എഫ് പബ്ലിക് സ്‌കൂള്‍, കല്‍പ്പറ്റ ഫ്‌ളവര്‍ ഷോ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ഉദ്ഘാടന ദിവസം പട്ടയം ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കും. ഉദ്ഘാടന വേദിയോട് ചേര്‍ന്ന് മെഡിക്കല്‍ ടീമിന്റെ സേവനവും ഉറപ്പാക്കും. ദുരന്ത മേഖലയില്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്താനെത്തുന്നവര്‍ക്ക് അവസരമൊരുക്കും. എ.ഡി.എം കെ .എസ് അനില്‍കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജ് കുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.എസ് നസിയ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *