ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സിപിഎം നേതാവ് ജി സുധാകരനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച നടത്താന്‍ സാധ്യത. വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആലപ്പുഴയില്‍ എത്തും. അതിനിടെ ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി അദ്ദേഹത്തെ മുഖ്യമന്ത്രി അനുനയിപ്പിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

പാര്‍ട്ടി സെക്രട്ടറിക്കും ജില്ലാ നേതൃത്വത്തിനുമെതിരെ ഫെയ്‌സ്്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത് ജി സുധാകരന്‍ തുടരുകയാണ്. പാര്‍ട്ടി അംഗത്വം ഇല്ലാത്ത ജി സുധാകരന്‍ തെരഞ്ഞെടുപ്പ് കാലത്ത് അതിരുവിട്ട പരാമര്‍ശങ്ങള്‍ നടത്തുമോ എന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. ഈ പശ്ചാത്തലത്തില്‍ ജില്ലയില്‍ എത്തുന്ന പിണറായി വിജയന്‍, സുധാകരനെ കണ്ട് അദ്ദേഹത്തെ മയപ്പെടുത്തുമോ എന്ന ആകാംക്ഷയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

രാവിലെ ഒന്‍പതരയോടെ പുന്നപ്രയിലെ കാര്‍മല്‍ പോളിടെക്നിക് കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന മുഖ്യമന്ത്രി എസി റോഡ് ഉദ്ഘാടനത്തിനായി റോഡ് മാര്‍ഗം മങ്കൊമ്പില്‍ എത്തും. പത്ത് മണിക്കാണ് നവീകരിച്ച എസി റോഡ് ഉദ്ഘാടനം. ശേഷം 11.30 യ്ക്കാണ് പെരുമ്പളം പാലം ഉദ്ഘാടനം. മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിക്കൊപ്പം പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിനു ക്ഷണം ഉണ്ടെങ്കിലും കാലിന് പരിക്ക് പറ്റി വിശ്രമത്തില്‍ ആയതിനാല്‍ ജി സുധാകരന്‍ പങ്കെടുക്കില്ല.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *