കുറുമ്പാലക്കോട്ട :വിമുക്തിയുടെ ഭാഗമായി കൽപറ്റ എക്സൈസ് റേഞ്ച് ഓഫിസും കോട്ടത്തറ ഗ്രാമപഞ്ചായത്തും കോഴിക്കോട് സെൻ്റ് വിൻസൻ്റ് കോളനി ടിടിയിലെ വിദ്യാർഥികളുമായി ചേർന്ന് പ്രഗതി 2026 സമൂഹ സമ്പർക്ക ക്യാമ്പിന്റെ ഭാഗമായി ഇന്നു രാവിലെ വയനാട് ജില്ലയിലെ കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കൽപറ്റ എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു ജി ബോധവൽക്കരണ സന്ദേശം നൽകി. സെൻ്റ് വിൻസൻ്റ് കോളനി ടിടിഇ പ്രിൻസിപ്പൽ സിസ്റ്റർ ഉദയ മുഖ്യ സന്ദേശം നൽകി. എക്സൈസ് വകുപ്പിൽ നിന്നുള്ള പത്തോളം ജീവനക്കാരും ടീച്ചേഴ്സ് ട്രെയിനിങ് കോളേജിലെ 35 വിദ്യാർഥികളും പങ്കെടുത്തു. തുടർന്ന് സന്ദർശകർക്കായി വ്യൂ പോയിന്റിൽ വച്ച് കൾച്ചറൽ പ്രോഗ്രാം സംഘടിപ്പിച്ച് ലഹരിവിരുദ്ധ ആശയങ്ങൾ പങ്കുവച്ചു. വ്യൂ പോയിന്റിൽ നിന്നു ശേഖരിച്ച മാലിന്യങ്ങൾ വേർതിരിച്ച് കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സിന്റെ സഹായത്തോടെ ഹരിതകർമ്മ സേനയ്ക്ക് കൈമാറി.
