കല്‍പ്പറ്റ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച സമ്മര്‍ കോച്ചിംഗ് ക്യാമ്പുകള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ തുടക്കമായി. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ആര്‍ച്ചറി, ഫെന്‍സിംഗ്, വോളിബോള്‍, സെപക്താക്രോ, ഖൊ-ഖൊ, റസ്‌ലിംഗ്, ക്രിക്കറ്റ് എന്നിവയിലാണ് 12നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പരിശീലനം. ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍ ഒഴികെ ഇനങ്ങളില്‍ മെയ് 25 വരെ നീളുന്ന പരിശീലനം ഇന്നലെ ആരംഭിച്ചു. ജില്ലാ സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക്‌സ്, ഫെന്‍സിംഗ് കോച്ചിംഗ് ക്യാമ്പ്. റിപ്പണ്‍ ജിഎച്ച്എസിലാണ് ഖൊ-ഖൊ പരിശീലനം. സെപക്താക്രോ കോച്ചിംഗ് ക്യാമ്പ് പനമരം കരിമ്പുമ്മല്‍ സ്റ്റേഡിയത്തിലും ആര്‍ച്ചറി പരിശീലനം പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമിയിലും റസ്‌ലിംഗ് പരിശീലനം മാനന്തവാടി ജിവിഎച്ച്എസ്എസിലുമാണ് നടത്തുന്നത്. പെണ്‍കുട്ടികള്‍ക്കുള്ള ഒരു മാസത്തെ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് കല്‍പ്പറ്റയില്‍ 25ന് ആരംഭിക്കും. ഒരു മാസത്തെ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് നടവയല്‍ സെന്റ് തോമസ് എച്ച്എസ്എസ്, മാനന്തവാടി ജിവിഎച്ച്എസ്എസ്, ജില്ലാ സ്റ്റേഡിയം എന്നിവിടങ്ങളില്‍ 20ന് തുടങ്ങും. വോളിബോള്‍ പരിശീലനം ബത്തേരി സെന്റ് മേരീസ് കോളജില്‍ മെയ് ഒന്നിന് ആരംഭിച്ച് 25ന് സമാപിക്കും.
ഓരോ ഇനത്തിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പ്രവേശനമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ്, സെക്രട്ടറി കെ.എ. ജിജി, മറ്റു ഭാരവാഹികളായ പി.കെ. അയൂബ്, ടി.വി. പീറ്റര്‍, ടി.കെ. ഹരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷന്‍ ഫീസ് നല്‍കണം. ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്കും സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അത്‌ലറ്റിക്‌സില്‍ എട്ട് വരെ സ്ഥാനം ലഭിച്ചവര്‍ക്കും പരിശീലനം സൗജന്യമാണ്. താത്പര്യമുള്ളവര്‍ http://dscwayanad.org എന്ന സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04936-202658, 9446177879.
