തൃശൂര്‍: വീടിനുള്ളില്‍ ഉറങ്ങുന്നതിനിടെ തലയണയ്ക്കടിയില്‍ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ് എട്ടു വയസുകാരന്‍ മരിച്ചത് തീരാനോവായിരിക്കുകയാണ് കോടാലിയിലെ നാട്ടുകാര്‍ക്ക്. വീടിനുള്ളില്‍വെച്ച് അച്ഛന്‍ സില്‍ജോയ്ക്കും അമ്മ ജോണ്‍സിക്കുമൊപ്പം കിടന്നുറങ്ങിയ ആല്‍ജോയെ പാമ്പുകടിച്ചതിന്റെ ഞെട്ടലിലാണ് ഇവരെല്ലാം. ആല്‍ജോയ്‌ക്കൊപ്പം ഉറങ്ങിയിരുന്ന സഹോദരനും പാമ്പ് കടിയേറ്റിരുന്നു. സഹോദരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുടുംബം താമസിച്ചിരുന്ന വീടിനുപിറകില്‍ കോടശ്ശേരി മലയാണ്. ഏതാണ്ട് 200-250 മീറ്റര്‍ ദൂരമേ വീടും മലയും തമ്മിലുള്ളൂ. മലയോര ഗ്രാമമായതിനാല്‍ ഇവിടത്തെ പല വീട്ടിലും പരിസരങ്ങളിലും പാമ്പുകളെ കാണുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവരുടെ വീടിന്റെ പരിസരമെല്ലാം വൃത്തിയായി ചെത്തിമിനുക്കിയാണിട്ടിരിക്കുന്നത്. അടച്ചുറപ്പുള്ള വീട് രണ്ടുവര്‍ഷംമുന്‍പ് നിര്‍മിച്ചതാണ്.

ആല്‍ജോയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാത്രി കുട്ടികള്‍ രണ്ടുപേരും അച്ഛനമ്മമാരോടൊപ്പം വീട്ടിലെ ഹാളില്‍ നിലത്താണ് ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് രണ്ടുപേരും ഉണര്‍ന്ന് വയറുവേദനിക്കുന്നതായി പറഞ്ഞത്.

തലേന്ന് ബന്ധുവിന്റെ പൗരോഹിത്യ ജൂബിലിക്ക് പോയി രാത്രി ഒന്‍പതോടെയാണ് കുടുംബം വീട്ടിലെത്തിയത്. തുടര്‍ന്ന് ജ്യൂസുണ്ടാക്കി കഴിച്ചിരുന്നു. ദഹനപ്രശ്നമാണെന്ന് കരുതി ചൂടുവെള്ളവും ഇഞ്ചിനീരും നല്‍കി. തുടര്‍ന്ന് കുട്ടികള്‍ അമ്മയോടൊപ്പം കിടപ്പുമുറിയില്‍ പോയിക്കിടന്നു.

അഞ്ചരയോടെ അനോഷ് അമ്മയെ വിളിച്ചുണര്‍ത്തി. കുട്ടികള്‍ രണ്ടുപേരെയും അവശനിലയില്‍ കണ്ടതോടെ അച്ഛനമ്മമാര്‍ ചേര്‍ന്ന് ബൈക്കില്‍ കോടാലി വരെയെത്തിച്ചു. അവിടെനിന്ന് ആംബുലന്‍സില്‍ 6.30-ഓടെ ആശുപത്രിയിലെത്തിച്ചെങ്കിലും ആല്‍ജോ മരിച്ചതായി സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി അനോഷിനെ കറുകുറ്റിയിലെ ആശുപത്രിയിലേക്കുമാറ്റി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *