കോട്ടയം: കടുത്തുരുത്തിയില്‍ പുലര്‍ച്ചെ റോഡിലൂടെ നടന്നുപോയ സ്ത്രീയെ സ്‌കൂട്ടര്‍ ഇടിപ്പിച്ചു വീഴ്ത്തിയശേഷം കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി മാല കവര്‍ന്നു. മോഷ്ടാക്കളുടെ കൈയില്‍നിന്നു വീണുപോയ കത്തിയുമായി വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

അപ്രതീക്ഷിതമായ ആക്രമണമായിരുന്നതിനാല്‍ ഭയന്നുപോയെങ്കിലും നഷ്ടപ്പെട്ടത് ഇമിറ്റേഷന്‍ ഗോള്‍ഡ് മാലയായതിനാല്‍ ആശ്വസിക്കുകയാണു മാഞ്ഞൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഹരിതകര്‍മസേനാംഗം കൂടിയായ ഇരവിമംഗലം നടുപ്പറമ്പില്‍ മിനി ചന്ദ്രന്‍. മാലയ്ക്ക് 150 രൂപയാണു വില

ഇന്നലെ പുലര്‍ച്ചെ 5.30നു മുട്ടുചിറ മഠത്തിക്കുന്നേല്‍ റെയില്‍വേ ലൈന്‍ റോഡില്‍ കടപ്പൂരാന്‍ ഭാഗത്തായിരുന്നു സംഭവം. മിനിയുടെ ചുരിദാറിന്റെ പോക്കറ്റില്‍ ഹരിതകര്‍മസേനയില്‍ അടയ്ക്കാനുള്ള 25,000 രൂപ ഉണ്ടായിരുന്നു. ഇത് നഷ്ടമായില്ലെന്നതില്‍ സന്തോഷിക്കുക കൂടിയാണ് മിനി.

അയല്‍വാസിയുടെ ബന്ധു മരിച്ചതറിഞ്ഞ് ഇലഞ്ഞിയിലെ അവരുടെ വീട്ടിലേക്കു പോകാനായി പുലര്‍ച്ചെ ഇറങ്ങിയതായിരുന്നു മിനി. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ നടക്കുമ്പോള്‍ പിന്നില്‍ നിന്നാണു മോഷ്ടാക്കള്‍ വന്നത്. വാക്കത്തി കഴുത്തിലും കത്തി വയറിലുംവച്ച് കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയാണു മാല ഊരിയെടുത്തത്.

മിനി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മാല പൊട്ടിച്ച് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞ മോഷ്ടാക്കളുടെ കൈയില്‍നിന്നു കത്തി താഴെവീഴുകയായിരുന്നു. പൊലീസ് സംഘം റോഡിലും പരിസരത്തും പരിശോധന നടത്തി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *