കല്‍പ്പറ്റ: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സംസ്ഥാന മുഖ്യമന്ത്രിയായാല്‍ നിയമസഭാംഗമാകുന്നിന് ജനവിധി തേടുക കല്‍പ്പറ്റയിലെന്ന് അഭ്യൂഹം. സുരക്ഷിത മണ്ഡലം എന്ന നിലയില്‍ കെസി കല്‍പ്പറ്റയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് കരുതുന്നവര്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ നിരവധി. കെസി സംസ്ഥാന ഭരണത്തിന്റെ സാരഥ്യത്തിലെത്തിയാല്‍ അഡ്വ.സജീവ് ജോസഫ് വിജയിച്ച ഇരിക്കൂറില്‍ മത്സരിക്കുമെന്നാണ് പൊതുവെ പ്രചാരണം. സംസ്ഥാനത്ത് കെസി ചേരിയിലെ പ്രമുഖനായ സജീവ് ജോസഫ് മുറുമുറുപ്പില്ലാതെ മണ്ഡലം ഒഴിഞ്ഞുകൊടുക്കുമെന്നും വ്യക്തമാണ്. എന്നാല്‍ ഇരിക്കൂറില്‍ കെസിക്ക് സുഗമമായി ജയിച്ചുകയറാവുന്ന സാഹചര്യമല്ല നിലവില്‍. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ പക്ഷം പിടിക്കുന്നവര്‍ ഇരിക്കൂറിലും രംഗത്തുവന്നിരുന്നു. മണ്ഡലത്തില്‍ മുസ്‌ലിംലീഗിനും വേരോട്ടമുണ്ട്.
ഇരിക്കൂറില്‍ 59.94 ശതമാനം വോട്ടാണ് സജീവ് ജോസഫിന് ലഭിച്ചത്. പോള്‍ ചെയ്ത 1,51,645 വോട്ടില്‍ 90,895 വോട്ടാണ് കൈപ്പത്തി അടയാളത്തില്‍ പതിഞ്ഞത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എമ്മിലെ അഡ്വ.മാത്യു കുന്നപ്പള്ളിക്ക് 48,496 വോട്ടാണ്(31.96 ശതമാനം)ലഭിച്ചത്. മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നപക്ഷം പാര്‍ട്ടിയിലെ വിരുദ്ധചേരിയിലുള്ളവര്‍ സംഘടിതമായി തിരിഞ്ഞുകുത്തിയാല്‍ കെസിയുടെ കാര്യം പരുങ്ങലിലാകും. ഈ സാഹചര്യമാണ് അദ്ദേഹം കല്‍പ്പറ്റയില്‍ മത്സരിക്കാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
കെപിസിസി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖാണ് കല്‍പ്പറ്റ മണ്ഡലം നിയുക്ത എംഎല്‍എ.
തെരഞ്ഞെടുപ്പില്‍ 45,301 വോട്ട് ഭൂരിപക്ഷമാണ് നേടിയത്. 2021 തെരഞ്ഞെടുപ്പിലെ 5,470 വോട്ടിന്റെ മേല്‍ക്കൈ അദ്ദേഹം പലമടങ്ങായാണ് മെച്ചപ്പെടുത്തിയത്. സിദ്ദിഖിന് ലഭിച്ച ഭൂരിപക്ഷം യുഡിഎഫ് ജില്ലാ നേതൃത്വത്തെയും അദ്ഭുതപ്പെടുത്തിയിരുന്നു. ലോക്‌സഭയില്‍ പ്രിയങ്കഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമാണ് കല്‍പ്പറ്റ.
സംസ്ഥാനത്ത് കെസിയുടെ വിശ്വസ്തരില്‍ ഒരാളാണ് സിദ്ദിഖ്. എന്നിരിക്കേ രാജ്യസഭാംഗത്വവും ഐഐസിസി സെക്രട്ടറി സ്ഥാനവും വാഗ്ദാനം ചെയ്ത് കെസി നിര്‍ദേശിച്ചാല്‍ മണ്ഡലം സന്തോഷത്തോടെ സിദ്ദിഖ് വിട്ടുകൊടുക്കുമെന്ന് അഭിപ്രായപ്പെടുന്നവര്‍ കോണ്‍ഗ്രസ് ജില്ലാ ഘടകത്തില്‍ കുറവല്ല. മുഖ്യമന്ത്രി പദവിക്കായുള്ള ചരടുവലി മുറുകിയപ്പോള്‍ ജില്ലയില്‍ വി.ഡി. സതീശന് അനുകൂലമായി ശക്തിപ്രകടനങ്ങള്‍ നടന്നില്ല എന്നതും ശ്രദ്ധേയമാണ്. കെസി മുഖ്യമന്ത്രിയാകുകയും ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം കല്‍പ്പറ്റയില്‍ മത്സരിക്കുകയും ചെയ്യുന്നത് വയനാടിന് പൊതുവെ ഗുണമാകുമെന്ന് ചിന്തിക്കുന്നവരും നിരവധിയാണ്.
