തൃശൂർ: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയ്ക്കിടെ, കെ സി വേണുഗോപാലിനെ അനുകൂലിച്ച് ഫ്ലക്‌സ് വെച്ച സിപിഎം നേതാവ് സിസിവിടിയിൽ കുടുങ്ങി. തൃശൂർ വാടാനാപ്പള്ളിയിൽ സേവ് കോൺഗ്രസിന്റെ പേരിലാണ് ഫ്ലക്‌സ് സ്ഥാപിച്ചത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം അരവശ്ശേരി മുഹമ്മദ് ആണ് സിസിടിവിയിൽ കുടുങ്ങിയത്. മുഹമ്മദ് ഫ്ലക്സുമായി എത്തി റോഡരികിൽ സ്ഥാപിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് സിപിഎം നേതാവും വാടാനപ്പള്ളി ലോക്കല്‍ കമ്മറ്റി അംഗവും പട്ടിലങ്ങാടി ബ്ലോക്ക് മെമ്പറുടെ ഭര്‍ത്താവുമായ അരവശ്ശേരി മുഹമ്മദ് കെ സി വേണുഗോപാലിന്റെ ഫോട്ടോവെച്ച ‘കെ സി നയിക്കട്ടെ’ എന്നെഴുതിയ ഫ്‌ലക്‌സ് വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ചത്. രാത്രി ഫ്ലക്‌സ് സ്ഥാപിച്ച ശേഷം ഇയാൾ തന്നെ രാവിലെ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. പ്രദേശത്തെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ, സിപിഎം നേതാവ് വെട്ടിലായി.
സംഭവത്തിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി പേരിൽ പൊലീസിൽ പരാതി നൽകി. പ്രതിഷേധ പ്രകടനവും നടത്തി. സിപിഎമ്മിന്റെ ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. കഴിഞ്ഞദിവസങ്ങളില്‍ ജില്ലയില്‍ കെ സിയെ അനുകൂലിച്ചും വി ഡി സതീശനെ അനുകൂലിച്ചും വ്യാപകമായി ഫ്‌ളക്‌സുകള്‍ ഉയര്‍ന്നിരുന്നു. വി ഡി സതീശനുവേണ്ടി തൃശൂര്‍ നഗരത്തിലും കൊടുങ്ങല്ലൂരിലും പെരുമ്പിലാവിലും ഇരിങ്ങാലക്കുടയിലും പ്രകടനങ്ങളും നടന്നിരുന്നു. ഇതിനിടെയാണ് സിപിഎം നേതാവു തന്നെ ഫ്‌ളക്‌സ് സ്ഥാപിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.
