ന്യൂഡല്‍ഹി: രാജ്യത്തെ 22 ലക്ഷം വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയ, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ തുടക്കം കേരളത്തില്‍ നിന്നെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേരളത്തിലെ ഒരു കോളജില്‍ എംബിബിഎസ് പഠിക്കുന്ന ചുരുവില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി മെയ് ഒന്നിന് സിക്കറിലെ ഒരു സുഹൃത്തിന് ചോദ്യബാങ്ക് അയച്ചതായാണ് പ്രാഥമിക അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത്.

മെയ് 2 ന്, സുഹൃത്ത് സിക്കറിലെ ഒരു പിജി അക്കോമഡേഷന്‍ ഓപ്പറേറ്റര്‍ക്ക് ചോദ്യബാങ്ക് കൈമാറിയതായും തുടര്‍ന്ന് അദ്ദേഹം അത് അവിടെ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പങ്കിട്ടതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ രേഖ പിന്നീട് വിദ്യാര്‍ത്ഥികള്‍ക്കും കരിയര്‍ കൗണ്‍സിലര്‍മാര്‍ക്കും ഇടയില്‍ പ്രചരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

മെയ് 3 ന് നടന്ന പരീക്ഷയ്ക്ക് ശേഷം, പരീക്ഷയ്ക്ക് മുമ്പ് ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് സംശയാസ്പദമായ ചോദ്യബാങ്ക് ലഭിച്ചതായി ആരോപിച്ച് സിക്കാറിലെ ഒരു പിജി ഓപ്പറേറ്ററാണ് ഉദ്യോഗ് നഗര്‍ പൊലീസ് സ്റ്റേഷനിലും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയിലും (എന്‍ടിഎ) പരാതി നല്‍കുന്നത്. മെയ് 6-ന് ഉത്തരസൂചികയും പരീക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു.

ഇതോടെ യഥാര്‍ത്ഥ ചോദ്യപേപ്പറിനോട് വളരെയധികം സാമ്യമുള്ള ഒരു ചോദ്യശേഖരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിദ്യാര്‍ത്ഥികള്‍ക്കും കോച്ചിങ് സെന്ററുകള്‍ക്കുമിടയില്‍ ശക്തമായി. പരീക്ഷ നടന്ന് നാല് ദിവസത്തിന് ശേഷം, മെയ് 7-ന്, ക്രമക്കേടുകള്‍ നടന്നതായുള്ള വിവരങ്ങള്‍ ലഭിച്ചതായി എന്‍ടിഎ സമ്മതിച്ചു. രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം വിവരങ്ങള്‍ പുറത്തുവന്നതെന്ന് ഏജന്‍സി വ്യക്തമാക്കി.

ഏകദേശം അതേ സമയത്തുതന്നെ കേസ് അന്വേഷിക്കുന്ന രാജസ്ഥാന്‍ പൊലീസിന്റെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്.ഒ.ജി ) സിക്കറിലും ജുന്‍ജുനുവിലും എത്തി. തുടര്‍ന്ന് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗുരുഗ്രാമിലെ ഡോക്ടറാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പ്രധാനകണ്ണിയെന്നാണ് അന്വേഷണസംഘം പറയുന്നത്. നാസിക്കിലെ പ്രിന്റിങ് പ്രസ്സില്‍ നിന്നാകാം ചോദ്യപ്പേപ്പര്‍ ചോര്‍ന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

മെയ് 3-ന് പരീക്ഷ നടത്തുന്നതിന് മുമ്പ് തന്നെ, ‘ഗസ് പേപ്പര്‍’ എന്ന പേരില്‍ 150 പേജുള്ള ഒരു രേഖ സിക്കര്‍, ജുന്‍ജുനു ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിച്ചതായി ആരോപിക്കപ്പെടുന്നു. ഈ രേഖയില്‍ 410 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്, അതില്‍ 135 എണ്ണം യഥാര്‍ത്ഥ പരീക്ഷാ പേപ്പറുമായി കൃത്യമായി പൊരുത്തപ്പെടുന്നവയായിരുന്നു. ഉത്തരങ്ങളുടെ ക്രമം, ഭാഷ, ചിഹ്നങ്ങള്‍, കോമകള്‍, ഫുള്‍സ്റ്റോപ്പുകള്‍ എന്നിവയില്‍ പോലും പരീക്ഷാ പേപ്പറുമായി വളരെയധികം സാമ്യമുണ്ടായിരുന്നു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *