കൽപറ്റ: കഴിഞ്ഞ വർഷത്തെ കേന്ദ്ര സാഹിത്യ അവാർഡിന് അർഹമായ എൻ. പ്രഭാകരൻ എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച ‘മായാമനുഷ്യർ’ സമൂഹത്തിൻ്റെ ആകുലതകൾ പങ്കുവയ്ക്കുന്ന ശ്രദ്ധേയമായ രചനയാണെന്ന് പത്മപ്രഭ ഗ്രന്ഥാലയത്തിൻ്റെ 108-ാം പുസ്തകചർച്ച അഭിപ്രായപ്പെട്ടു.
സഹിഷ്ണുത, സ്നേഹം തുടങ്ങിയ ഗുണങ്ങൾ ഇല്ലാതാവുകയും നുണകൾ സമൂഹത്തിൽ സ്വീകാര്യമാക്കുകയും ചെയ്യുകയാണ്. ആഗോളവൽക്കരണത്തിൻ്റെ രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക സ്വാധീനങ്ങൾ മലയാളികളുടെ ദൈനംദിന ജീവിതത്തിൽ എത്രത്തോളം ഇടപെടുന്നു എന്നതിൻ്റെ നേർക്കാഴ്ചകൾ മായാ മനുഷ്യരിൽ കാണാനാകും.
പൊതുമണ്ഡലങ്ങളുടെ തകർച്ച, മത വർഗീയതയുടെ രാഷ്ട്രീയ വ്യാപനം, ഉപഭോഗ മുതലാളിത്തത്തിൻ്റെ പിടിമുറുക്കം, രാഷ്ട്രീയ അപചയം എന്നിവയെല്ലാം ഈ കൃതിയിൽ ചർച്ച ചെയ്യപ്പെടുന്നു. മാനവിക മൂല്യങ്ങളുടെ അഭാവം വ്യക്തിജീവിതങ്ങളെ ദുസ്സഹമാക്കുകയാണ്-ചർച്ച അഭിപ്രായപ്പെട്ടു.
പരിസ്ഥിതിപ്രവർത്തകൻ എം. ഗംഗാധരൻ മായാമനുഷ്യർ അവതരിപ്പിച്ചു. പിണങ്ങോട് ഡബ്ല്യു.ഒ. എച്ച്.എസ്.എസ്. മുൻ പ്രൻസിപ്പൽ താജ് മൻസൂർ മോഡറേറ്ററായി. മാനന്തവാടിയിലെ സീനിയർ അഭിഭാഷകൻ എം. വേണു ഗോപാൽ, എസ്. കെ. എ ജെ. ഹൈസ്ക്കൂളിലെ സീനിയർ അധ്യാപിക സി.വി. ഉഷ, എസ്.എ. നസീർ, സൂപ്പി പള്ളിയാൽ, രാജു ജോസഫ്, കെ.എ. കുഞ്ഞമ്മദ് കുട്ടി, ജിതിൻ കണ്ടോത്ത്, റാലിമ ബിജു, ഗ്രന്ഥാലയം പ്രസിഡൻ്റ് ടി.വി. രവീന്ദ്രൻ, സെക്രട്ടറി പ്രകാശൻ, ബാലൻ വേങ്ങര എന്നിവർ സംസാരിച്ചു.
209 -ാം പുസ്തകചർച്ച ജൂലായ് 11 – ന് മൂന്നു മണിക്ക് എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടക്കും. ബെന്യാമിൻ എഴുതിയ മൾബറീ നിൻ്റെ സോർബയെ കുറിച്ച് എന്നോടു പറയൂ എന്ന കൃതി ജിതിൻ കണ്ടോത്ത് അവതരിപ്പിക്കും. സൂപ്പി പള്ളിയാൽ മോഡറേറ്ററാകും.
