മലദ്വാരത്തിൽ ഒളിച്ചു കടത്താൻ ശ്രമിച്ച മാരക മയക്കു മരുന്നായ എം.ഡി.എം.എ യുമായി
ബസ് യാത്രികനായ യുവാവിനെ വയനാട് പോലീസ് വിദഗ്ദ്ധമായി പിടികൂടി. കവറടക്കം 64 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് പരപ്പൻ പൊയിൽ, തെക്കേ പുരയിൽ വീട്ടിൽ സനീഷ് കുമാർ (40) നെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ബത്തേരിയിൽ നിന്ന് പിടികൂടിയത്. ഇയാളെ ബത്തേരിയിലെ ഹോസ്പിറ്റലിൽ നിന്നും സ്കാൻ ചെയ്യുകയും വയറ്റിനുള്ളിൽ ഉരുള രൂപത്തിൽ സൂക്ഷിച്ച നിലയിൽ ലഹരി കണ്ടെത്തുകയുമായിരുന്നു. ശേഷം വിദഗ്ധ പരിശോധനയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബത്തേരി കോട്ടക്കുന്നിൽ വച്ചു കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എസ് ആർ ടി സി ബസിൽ പരിശോധന നടത്തി വരവേയാണ് ഇയാൾ പിടിയിലാവുന്നത്. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.
