മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണമെന്നും മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു.മെഡിക്കല്‍ കോളേജിന്റെ സ്ഥിരം കാമ്പസ് നിര്‍മ്മാണത്തിനായി മാനന്തവാടി അമ്പുകുത്തിയില്‍ കണ്ടെത്തിയിട്ടുള്ള വനംവകുപ്പിന്റെ കീഴിലെ 28 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളില്‍  അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കേന്ദ്ര വനം  പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താല്പര്യമെടുക്കണം. വനംവകുപ്പിന് കൈമാറാന്‍ വിഭാവനം ചെയ്തിട്ടുള്ള പകരമുള്ള റവന്യൂ ഭൂമിയുടെ നടപടിക്രമങ്ങള്‍ റവന്യൂ വകുപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.

ഈ വിഷയത്തില്‍ കേന്ദ്രസംസ്ഥാന തലങ്ങളിലുള്ള സാങ്കേതിക തടസ്സങ്ങളും ഭരണാനുമതികളും വേഗത്തിലാക്കി കാമ്പസ് നിര്‍മ്മാണം ആരംഭിച്ചില്ലെങ്കില്‍ അത് വയനാട്ടിലെ സമഗ്ര ആരോഗ്യ മേഖലയുടെ വികസനത്തെ ദോഷകരമായി ബാധിക്കും. മെഡിക്കല്‍ കോളേജിനായി പുതിയ അത്യാധുനിക അക്കാദമിക് ബ്ലോക്കുകള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍, വിപുലമായ ഐ.സി.യു സംവിധാനങ്ങള്‍ എന്നിവ യാഥാര്‍ത്ഥ്യമാക്കാന്‍ ഭൂമി കൈമാറ്റം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

*മേഖലയിലെ കച്ചവട സമൂഹവും പൊതുജനങ്ങളും ദീര്‍ഘകാലമായി കാത്തിരിക്കുന്ന ഈ പദ്ധതിക്ക് വേഗത കൂട്ടാന്‍ ജനപ്രതിനിധികളും സര്‍ക്കാരും അടിയന്തിരമായി ഇടപെടണമെന്ന് യോഗം  ആവശ്യപ്പെട്ടു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു ഭാരവാഹികളായ, പി.വി. മഹേഷ്, എന്‍.പി. ഷിബി, എം.വി സുരേന്ദ്രന്‍, എന്‍.വി അനില്‍കുമാര്‍, സി.കെ. സുജിത്ത്, കെ.എക്‌സ് ജോര്‍ജ്, എം. കെ. ഷിഹാബുദ്ദീന്‍, ഇ എ നാസിര്‍, കെഷാനു , ജോണ്‍സണ്‍ ജോണ്‍, എം.ബഷീര്‍, ഗോപന്‍, റഷീദ് അപ്‌സര, ഇക്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *