കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി വയനാട്ടിലെ മനുഷ്യവന്യജീവി സംഘര്‍ഷ പരിഹാരത്തിനായി വിപുലമായ പദ്ധതികള്‍ പ്രഖ്യാപിച്ച് വനംവന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. ജില്ലയില്‍ വന്യമൃഗശല്യം തടയുന്നതിനായി 60 കിലോമീറ്റര്‍ നീളത്തില്‍ പുതിയ സോളാര്‍ ഫെന്‍സിംഗ് നിര്‍മ്മിക്കും. കൂടാതെ, നിലവിലുള്ള 25 കിലോമീറ്റര്‍ സോളാര്‍ വേലികളുടെ അറ്റകുറ്റപ്പണികളും പണികളും പൂര്‍ത്തിയാക്കി സജ്ജമാക്കിയിട്ടുണ്ട്.
വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഏകദേശം 100 കിലോമീറ്റര്‍ റോഡുകളില്‍ വന്യമൃഗങ്ങളുടെ കാഴ്ച തടസ്സപ്പെടാതിരിക്കാന്‍ വിസ്റ്റ ക്ലിയറന്‍സ് നടപ്പിലാക്കും. വനം വകുപ്പിന് പുറമെ പി.ഡബ്ല്യൂ.ഡി, പഞ്ചായത്ത് റോഡുകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് ഈ പ്രവര്‍ത്തി നടത്തുന്നത്.വയനാട്ടിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി 4 പുതിയ ആര്‍.ആര്‍.ടി യൂണിറ്റുകള്‍ കൂടി 100 ദിവസത്തിനകം സജ്ജമാക്കുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
