ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസം മുതല്‍ രാജ്യത്തുടനീളമുള്ള ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും സെന്‍ട്രല്‍ നോ യുവര്‍ കസ്റ്റര്‍ 2.0 എന്ന് പേരിട്ടിരിക്കുന്ന പുതിയ ഏകീകൃത ഉപഭോക്തൃ തിരിച്ചറിയല്‍ സംവിധാനം നടപ്പിലാക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. പ്രവര്‍ത്തനങ്ങളിലും ഇടപാടുകളിലും കൂടുതല്‍ സുതാര്യതയും വേഗവും കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് വിപുലീകരിച്ച ഡിജിറ്റല്‍ സംവിധാനം വരുന്നത്. ഇനിമുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും ഇന്‍ഷുറന്‍സ് എടുക്കുന്നതും മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതും എളുപ്പമാകും.

പുതിയ സംവിധാനം അനുസരിച്ച് ഉപഭോക്താവിന്റെ സമ്മതം ലഭിക്കുന്ന മുറയ്ക്ക് ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സെന്‍ട്രല്‍ ഡാറ്റാബേസില്‍ നിന്ന് അവരുടെ വെരിഫൈ ചെയ്ത കെവൈസി വിവരങ്ങള്‍ ലഭ്യമാകും. ഈ വര്‍ഷം അവസാനത്തോടെ മ്യൂച്ചല്‍ ഫണ്ടുകളും സ്റ്റോക്ക് ബ്രോക്കര്‍മാരും ഈ സംവിധാനം പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്. പേപ്പര്‍ വര്‍ക്കുകള്‍ കുറയ്ക്കാനും സേവനങ്ങള്‍ വേഗത്തിലാക്കാനും ഈ സംവിധാനം വഴി സാധിക്കും.

എന്താണ് സികെവൈസി 2.0

ഇതൊരു ഏകീകൃത കെവൈസി സിസ്റ്റമാണ്. സെന്‍ട്രല്‍ കെവൈസി റെക്കോര്‍ഡ്സ് രജിസ്ട്രിയുടെ പുതിയതും കൂടുതല്‍ വേഗതയേറിയതുമായ പതിപ്പാണിത്. പുതിയ സംവിധാനത്തില്‍ ഉപയോക്താക്കള്‍ ഒറ്റത്തവണ മാത്രം കെവൈസി പൂര്‍ത്തിയാക്കിയാല്‍ മതി. ഇത് ബാങ്കുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍ തുടങ്ങിയ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയും. കാരണം ഇതൊരു അതീവ സുരക്ഷയുള്ള ഒറ്റ ഡിജിറ്റല്‍ ഡാറ്റാബേസാണ്. നിലവില്‍ ഒരോ സേവനങ്ങള്‍ക്കും ഉപയോക്താക്കള്‍ പ്രത്യേകം കെവൈസി പൂര്‍ത്തിയാക്കേണ്ടതുണ്ട്. പുതിയ സംവിധാനത്തില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഉപഭോക്താവിന് 14 അക്കങ്ങള്‍ അടങ്ങിയ ഒരു സികെവൈസി ഐഡന്റിഫയര്‍ നമ്പര്‍ ലഭിക്കും. ഇതാണ് ഭാവിയിലെ ഇടപാടുകള്‍ എളുപ്പമാക്കുന്നത്.

ഒരു വണ്‍ ടൈം പാസ് വേര്‍ഡ് വഴി ഉപഭോക്താവിന്റെ അനുമതി നേടിയ ശേഷം മാത്രമായിരിക്കും സ്ഥാപനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുക. ഇതുവഴി പുതിയ അക്കൗണ്ട് തുറക്കുമ്പോഴോ വിവരങ്ങള്‍ പുതുക്കുമ്പോഴോ ഉപഭോക്താക്കള്‍ വീണ്ടും രേഖകള്‍ അപ്ലോഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ സാധിക്കും.

സികെവൈസി 2.0 പൂര്‍ത്തിയാക്കേണ്ടത് എങ്ങനെ?

ഓണ്‍ലൈന്‍ റീ-കെവൈസി ഓപ്ഷന്‍ ആണ് പൂര്‍ത്തിയാക്കേണ്ടത്. ബാങ്കിന്റെ ഔദ്യോഗിക നെറ്റ് ബാങ്കിങ്, മൊബൈല്‍ ആപ്പ്, സാമ്പത്തിക സ്ഥാപനങ്ങളുടെ പോര്‍ട്ടല്‍ വഴി ഇത് ഓണ്‍ലൈനായി ചെയ്യാം. ആധാര്‍ ഒടിപി അല്ലെങ്കില്‍ ഡിജിലോക്കര്‍ ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഡിജിറ്റലായി രേഖകള്‍ സമര്‍പ്പിക്കാം. മ്യൂച്ചല്‍ ഫണ്ട്, ഓഹരി നിക്ഷേപകര്‍ക്ക് KRA (KYC Registration Agency) പോര്‍ട്ടല്‍ വഴി തങ്ങളുടെ സികെവൈസി സ്റ്റാറ്റസ് പരിശോധിച്ച് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

പൂര്‍ത്തിയാക്കാത്ത പക്ഷം അക്കൗണ്ടുകള്‍ക്ക് എന്തുപറ്റും?

ഈ മാറ്റത്തെ ഒരിക്കലും നിസാരമായി കാണരുത്. ഇത് ചെയ്യാത്ത പക്ഷം ഭാവിയില്‍ ഇടപാടുകള്‍ വരെ തടസപ്പെടാം. റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അക്കൗണ്ടില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍, ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവ താല്‍ക്കാലികമായി മരവിപ്പിച്ചേക്കാം. പുതിയ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനോ, പുതിയ ഡീമാറ്റ്, ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനോ സാധിക്കില്ല. നിലവിലുള്ള മ്യൂച്വല്‍ ഫണ്ട് എസ്ഐപികള്‍ വരെ തടസപ്പെടാം.

By admin

Leave a Reply

Your email address will not be published. Required fields are marked *