കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതിയുടെ പക്കല്‍ നിന്ന് മാരക ലഹരിമരുന്നായ ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവത്തില്‍ വയനാട് മേപ്പാടി സ്വദേശിയും നിലവില്‍ കാസര്‍കോട് താമസക്കാരിയുമായ അശ്വതി (32) യെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 56.59 ഗ്രാം ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്.

മെഡിക്കല്‍ കോളേജിലെ 41-ാം വാര്‍ഡില്‍ കൂട്ടിരിപ്പുകാരിയായി എത്തിയ അശ്വതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കൂടെയുള്ളവരും ആശുപത്രി ജീവനക്കാരും വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് രണ്ട് വെളിച്ചെണ്ണക്കുപ്പികളിലായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഹാഷിഷ് ഓയില്‍ കണ്ടെടുത്തത്. ഒരു കുപ്പിയില്‍ 29.08 ഗ്രാമും രണ്ടാമത്തെ കുപ്പിയില്‍ 27.51 ഗ്രാമും വീതമാണ് ഉണ്ടായിരുന്നത്.

നിലവില്‍ ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിന് എത്തിച്ചുനല്‍കാനാണ് ഹാഷിഷ് ഓയില്‍ കൊണ്ടുവന്നതെന്ന് അശ്വതി പോലീസിന് മൊഴി നല്‍കി. ജയിലില്‍ നിന്ന് വിവിധ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുന്ന മറ്റ് തടവുകാര്‍ വഴി ലഹരിമരുന്ന് ഭര്‍ത്താവിന്റെ കൈകളില്‍ എത്തിക്കുക എന്നതായിരുന്നു ഇവരുടെ പദ്ധതി.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ കോളേജ് പോലീസ്, ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റാരെങ്കിലും ഉണ്ടോയെന്നതിനെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *