വയനാട് ജില്ലയിൽ വരും ദിവസങ്ങളിൽ അതീതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലിസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ജില്ലാ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്ട്രോൾ റൂം പ്രവർത്തിക്കും. പോലിസ് സഹായത്തിനായി പൊതുജനങ്ങൾക്ക് 04936-202521, 9497980833 എന്നീ നമ്പറുകളിലോ എമർജൻസി ഹെൽപ് ലൈൻ നമ്പരായ 112 ലോ ബന്ധപ്പെടാവുന്നതാണ്.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് അറിയിച്ചു. മണ്ണിടിച്ചിൽ ഭീഷണി ഉൾപ്പെടെയുള്ള ദുരന്തസാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണം. കനത്ത മഴയെ തുടർന്ന് ജലാശയങ്ങളിൽ പെട്ടെന്ന് വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്ത് താമസിക്കുന്ന ജനങ്ങളും ജാഗ്രത പാലിക്കേണ്ടതാണ്. തീവ്ര മഴയത്ത് നദികളിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങാൻ ശ്രമിക്കരുത്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക. സുരക്ഷിതയിടങ്ങളിലേക്ക് മാറുക. അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചു.
