ബത്തേരി: സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് പി.ജി. ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ലോക തദ്ദേശീയ ജനത ദിനാചരണം സംഘടിപ്പിച്ചു. കോളേജ് വിദ്യാഭ്യാസ തിയേറ്ററില്‍ നടന്ന പരിപാടി റസിഡന്റ് മാനേജര്‍ റവ. ഫാ. ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി കെ. കെ. ദിലീപ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസര്‍ പി.ആര്‍. അശ്വതി കൃതജ്ഞതയും രേഖപ്പെടുത്തി. കോളേജ് ഐ.ക്യു.എ.സി. കോഡിനേറ്റര്‍ ഡോ.സുനില്‍ ജോണ്‍ ആശംസകള്‍ അര്‍പ്പിച്ചു.

പത്മശ്രീയും മികച്ച കര്‍ഷകനുള്ള പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാരവും നേടിയ ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിച്ചു. തദ്ദേശീയ നെല്‍വിത്തുകളുടെ സംരക്ഷണവും പരമ്പരാഗത കാര്‍ഷിക അറിവിന്റെ പരിപാലനവും ജീവിതദൗത്യമാക്കിയ ചെറുവയല്‍ രാമന്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. വയനാട്ടിലെ അപൂര്‍വവും പാരമ്പര്യമായി കൈമാറിവന്നതുമായ നെല്‍വിത്തുകള്‍ സംരക്ഷിക്കുകയും അവ കര്‍ഷകര്‍ക്ക് കൈമാറുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലൂടെ കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിദ്യാര്‍ഥികളുമായി പങ്കുവച്ചു. പരമ്പരാഗത കൃഷിരീതികള്‍, വിത്തുസംരക്ഷണം, പ്രകൃതിയോടിണങ്ങിയ കൃഷി എന്നിവയുടെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.

ചെറുവയല്‍ രാമന്റെ ജീവിതവും വിത്തുസംരക്ഷണ പ്രവര്‍ത്തനങ്ങളും ആസ്പദമാക്കി സ്വതന്ത്ര ഗവേഷകനും ഫോട്ടോഗ്രാഫറുമായ കെ. ആര്‍. രമിത്ത് തയ്യാറാക്കിയ ‘ജീന്‍ സേവിയര്‍’ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഇതേ പ്രമേയത്തില്‍ ഒരുക്കുന്ന ഡോക്യുമെന്ററിയുടെ ആമുഖ ദൃശ്യവും പ്രദര്‍ശിപ്പിച്ചു.

സാമൂഹിക പ്രവര്‍ത്തക എന്‍. വി. പ്രകൃതിയുടെ നേതൃത്വത്തില്‍ ‘എങ്കള നായ’ എന്ന പ്രത്യേക സംവേദനാത്മക സെഷനും നടന്നു. പണിയ ഭാഷ, തദ്ദേശീയ സംസ്‌കാരം, ജീവിതരീതി, ആചാരാനുഷ്ഠാനങ്ങള്‍, നാടോടിക്കഥകള്‍, കവിതകള്‍, ചരിത്രം എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികളുമായി പ്രകൃതി സംവദിച്ചു. തദ്ദേശീയ സമൂഹങ്ങളുടെ ഭാഷയും സാംസ്‌കാരിക സ്വത്വവും സംരക്ഷിക്കുന്നതിന്റെയും അവരുടെ അറിവിനും ജീവിതാനുഭവങ്ങള്‍ക്കും അര്‍ഹമായ അംഗീകാരം നല്‍കുന്നതിന്റെയും ആവശ്യകത അവര്‍ ചൂണ്ടിക്കാട്ടി. പുതുതലമുറ തദ്ദേശീയ സമൂഹങ്ങളുടെ ജീവിതത്തെയും സംസ്‌കാരത്തെയും അടുത്തറിയുകയും അവയുടെ സംരക്ഷണത്തില്‍ പങ്കാളികളാകുകയും വേണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

തദ്ദേശീയ ഭാഷ, സംസ്‌കാരം, പാരമ്പര്യം, പരമ്പരാഗത വിത്തുകള്‍ എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പരിപാടിയില്‍ ചര്‍ച്ചയായി. തദ്ദേശീയ ജനതയുടെ പരമ്പരാഗത അറിവും കാര്‍ഷിക പൈതൃകവും സംരക്ഷിക്കുന്നത് സാംസ്‌കാരിക വൈവിധ്യത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരമായ ഭാവിക്കും അനിവാര്യമാണെന്നും പരിപാടി വിലയിരുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *