ന്യൂഡൽഹി: വായ്പ കുടിശികയുടെ പേരിൽ കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കേരള ഫിനാൻഷ്യൽ കോർപറേഷൻ 9.18 കോടിക്ക് ലേലം ചെയ്തത് റദ്ദാക്കിയ ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ലേലത്തിൽ വാങ്ങിയ കെ.ബി. പത്മദാസ് അടക്കമുള്ളവർ നൽകിയ ഹരജിയിൽ നോട്ടീസ് അയച്ചുകൊണ്ടാണ് കേസ് പരിഗണിക്കുന്നതു വരെ ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്തത്.

ലേല വിൽപനയുടെ മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി നടപടി. പുനർമൂല്യനിർണയം നടത്തി ആറു മാസത്തിനകം വീണ്ടും ലേലം ചെയ്യാനും ഹൈകോടതി നിർദേശിച്ചിരുന്നു. എന്നാൽ, സുപ്രീം കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തു. കേസ് ഒക്ടോബർ 6ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്‍റിനടുത്ത് ഫോക്കസ് മാളിനോട് ചേർന്നുള്ള പേൾ ഹിൽ ബിൽഡേഴ്‌സ് ആൻഡ് ഡവലപ്പേഴ്‌സിന്റെ 40.06 സെൻറ് സ്ഥലവും (16.21 ആർ) പണിപൂർത്തിയാകാത്ത കെട്ടിടവുമാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി.) ചട്ടംലംഘിച്ച് ലേലം ചെയ്തത്. കെഎഫ്‌സി സ്വന്തം നിലയിൽ ഏറ്റെടുത്ത് 9.18 കോടിക്ക് ലേലം ചെയ്യുകയായിരുന്നു. 4.89 കോടി രൂപയുടെ വായ്പയിൽ വീഴ്ചയുണ്ടായതിനെ തുടർന്നായിരുന്നു ഈടായിരുന്ന വസ്തുവിന്മേലുള്ള നടപടി.

എന്നാൽ, ഈ ലേലം മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കി.പുനർമൂല്യനിർണയം നടത്തി 6 മാസത്തിനകം വീണ്ടും ലേലം ചെയ്യാനും നിർദേശിച്ചിരുന്നു.

ലേലത്തിൽ പിടിച്ചവർക്ക് ആ വസ്തു വാങ്ങാനായി കോർപറേഷൻ 5 കോടി രൂപയുടെ വായ്പ അനുവദിച്ചത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മികച്ച വില ഉറപ്പാക്കാൻ ശ്രമമുണ്ടായില്ലെന്ന നിരീക്ഷണവുമുണ്ടായി. എന്നാൽ, ലേല നടപടി നേരത്തെ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ശരിവച്ചതാണെന്ന് ഭൂമി ലേലത്തിൽ വാങ്ങിയ പത്മദാസ് അടക്കമുള്ളവർക്കായി രഞ്ജിത് കുമാർ, എം. ഗിരീഷ് കുമാർ എന്നിവർ വാദിച്ചു. കെഎഫ്‌സിക്കായി വി. ചിദംബരേഷും പേൾ ഹിൽ ബിൽഡേഴ്‌സിനായി പി.എ. നൂർ മുഹമ്മദും ഹാജരായി.

By admin

Leave a Reply

Your email address will not be published. Required fields are marked *