കൽപ്പറ്റ: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ബ്ലോക്ക് തല കമ്മിറ്റികൾ രൂപീകരിച്ചു. കൽപ്പറ്റ ബ്ലോക്ക് തല രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം ജി ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജാസർ പാലക്കൽ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. നിലവിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിച്ചുവരുന്ന അസോസിയേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് അസോസിയേഷൻ രൂപീകരണത്തിനു ശേഷം ചരിത്രത്തിൽ ആദ്യമായി ബ്ലോക്ക് തല കമ്മിറ്റികൾ രൂപീകരിക്കുന്നത്. അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നാസർ കാതിരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സൂസി ബാബു, രജിത കോട്ടത്തറ, റംല ഹംസ, കേശവൻ മൂപ്പയിനാട് തുടങ്ങിയവർ സംസാരിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് മുട്ടിൽ സ്വാഗതവും വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജൻ സി വി നന്ദിയും പറഞ്ഞു.
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ, കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ
ഷമീം പാറക്കണ്ടി (പ്രസിഡണ്ട്), കേശവൻ മൂപ്പയിനാട് (വൈസ് പ്രസിഡണ്ട്), രാജൻ സി വി (സെക്രട്ടറി), റംല ഹംസ (ജോയിൻറ് സെക്രട്ടറി), രജിത കോട്ടത്തറ, വി പി യൂസഫ്, ഷാജി വട്ടത്തറ (എക്സിക്യൂട്ടീവ് അംഗങ്ങൾ)
