നൂല്‍പ്പുഴ: ആദിവാസി ജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടത്തുന്ന സാമൂഹിക ഇടപെടലുകള്‍ മാതൃകാപരമാണെന്ന് കേരളത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. അസീം പ്രേംജി ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പിലാക്കുന്ന ഉന്നതി ജലസുരക്ഷാ പദ്ധതിയുടെ ഭാഗമായി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ നാല് ആദിവാസി ഉന്നതികളില്‍ പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനവും ഔദ്യോഗിക കൈമാറ്റവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിമത ഭേദമന്യേ സമൂഹത്തിലെ പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേലെ കോളൂര്, പണപ്പാടി, കൂമിഴി, ആനക്ക്യാമ്പ് എന്നീ ആദിവാസി ഉന്നതികളിലാണ് കുടിവെള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയത്. നവംബര്‍ 9ന് നടന്ന ചടങ്ങില്‍ പൂര്‍ത്തീകരിച്ച പദ്ധതികള്‍ ഗ്രാമപഞ്ചായത്തിന് ഔദ്യോഗികമായി കൈമാറി. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയയുടെ സ്വാഗതത്തില്‍ സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
അധ്യക്ഷപ്രസംഗത്തില്‍ എം.എല്‍.എ ഐ.സി. ബാലകൃഷ്ണന് WSSS സാമൂഹിക സേവന രംഗത്ത് നല്‍കിവരുന്ന സംഭാവനകളെ പ്രത്യേകം പ്രശംസിച്ചു. ആദിവാസി ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്നും ഇത്തരം പദ്ധതികള്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസന്ന ശരീരന്‍ മുഖ്യപ്രഭാഷണം നടത്തി.
പദ്ധതിയുടെ ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനരീതി, സാങ്കേതിക ഘടകങ്ങള്‍, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച വിശദീകരണം ശ്രീ. പി.കെ. കുര്യന് നിര്‍വഹിച്ചു. പൂര്‍ത്തീകരിച്ച നാല് കുടിവെള്ള പദ്ധതികളുടെ ഔദ്യോഗിക കൈമാറ്റം ണടടട എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പങ്കെടുത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ചിലെ (IISR) സീനിയര്‍ സയന്റിസ്റ്റ് ഡോ. ലിജോ തോമസ് ജൈവ പച്ചക്കറി വിത്തുകള്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയയ്ക്ക് കൈമാറി.
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. അവറാന്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അമല്‍ജോയ്, ഷീജ സതീഷ്, വാര്‍ഡ് മെമ്പര്‍ ബെന്നി കൈനിക്കല്‍, വിവിധ ജനപ്രതിനിധികള്‍, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ആദിവാസി നേതാക്കള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.വി. സുരേഷ് നന്ദി രേഖപ്പെടുത്തി.
അസീം പ്രേംജി ഫൗണ്ടേഷന്റെ സാമ്പത്തിക പിന്തുണയോടെ തിരുനെല്ലി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത ആദിവാസി ഉന്നതികളിലാണ് ഉന്നതി ജലസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ആദിവാസി കുടുംബങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും സുസ്ഥിരമായ ജലവിഭവ പരിപാലനത്തിന് സമൂഹത്തെ പ്രാപ്തരാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പ്രാദേശിക ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനായി നടത്തിയ അടിസ്ഥാന സര്‍വേകള്‍, ഹൈഡ്രോജിയോളജിക്കല്‍ പഠനങ്ങള്‍, സാങ്കേതിക പരിശോധനകള്‍, ഗുണഭോക്തൃ പങ്കാളിത്തം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണം എന്നിവയാണ് പദ്ധതികളുടെ വിജയത്തിന് അടിത്തറയായത്.
കുടിവെള്ള ക്ഷാമം രൂക്ഷമായ ആദിവാസി മേഖലകളില്‍ സുരക്ഷിതമായ ജലലഭ്യത ഉറപ്പാക്കുന്നതിനും വെള്ളം ശേഖരിക്കുന്നതിനായി കുടുംബങ്ങള്‍ അനുഭവിച്ചിരുന്ന ദൈനംദിന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും ഈ പദ്ധതികള്‍ സഹായകമാകും. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആദിവാസി സമൂഹങ്ങളുടെ ആരോഗ്യകരവും അന്തസ്സുറ്റതുമായ ജീവിതസാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ണടടടന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ നേട്ടമാണ് നാല് കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണവും കൈമാറ്റവും.
