മക്കിയാട്: മാനന്തവാടി-കുറ്റ്യാടി സംസ്ഥാന പാതയിൽ കോറോത്തിനും മക്കിയാടിനും ഇടയിലുള്ള മരച്ചോട് പാലത്തിന് സമീപത്തെ കൊടുംവളവിൽ കാട് വളർന്ന് റോഡിലേക്ക് തള്ളിനിൽക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു.
റോഡിന്റെ പകുതിയോളം മറയ്ക്കുന്ന രീതിയിൽ കാട് വളർന്നുനിൽക്കുന്നതിനാൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കുന്നില്ല. ഇത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.
മരച്ചോട് ഭാഗത്തുനിന്ന് കോറോം ഭാഗത്തേക്ക് റോഡിന്റെ വലതുവശത്തുകൂടി കാൽനടയായി യാത്ര ചെയ്യാൻ പോലും ആളുകൾ ഭയപ്പെടുന്ന അവസ്ഥയാണ്. തൊണ്ടർനാട് എം.ടി.ഡി.എം. ഹൈസ്കൂൾ, കോറോം ഗവ. എൽ.പി. സ്കൂൾ, നിരവിൽപ്പുഴ എ.യു.പി. സ്കൂൾ, മരച്ചോട് മദ്രസ എന്നിവിടങ്ങളിലെ നിരവധി വിദ്യാർത്ഥികൾ ഈ വഴിയാണ് നടന്നുപോകുന്നത്.
റോഡിന്റെ ഒരു വശം പുഴയായിട്ടും ഇവിടെ സംരക്ഷണഭിത്തി സ്ഥാപിക്കാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. എത്രയും വേഗം റോഡരികിലെ കാട് വെട്ടിത്തെളിക്കണമെന്നും പാലത്തിന് സമീപം സംരക്ഷണഭിത്തി നിർമ്മിക്കണമെന്നും നാട്ടുകാർ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു.
