കല്‍പ്പറ്റ: സംസ്ഥാന ടൂറിസം വകുപ്പ്, ഉത്തരവാദ ടൂറിസം മിഷന്‍, വയനാട് ഇക്കോ ടൂറിസം അസോസിയേഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഹെര്‍ ട്രെയില്‍സ്-2026 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി 18ന് മാനന്തവാടി പാരിസണ്‍സ് എസ്റ്റേറ്റില്‍ സംഘടിപ്പിക്കുന്ന ഓഫ് റോഡ് ചലഞ്ച് രാവിലെ ഒമ്പതിന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യും. കേരള, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നായി 30ല്‍ അധികം വനിതകള്‍ ചലഞ്ചില്‍ പങ്കെടുക്കുമെന്ന് വയനാട് ഇക്കോ ടൂറിസം അസോസിയേഷന്‍ പ്രസിഡന്റ് ഗോപവര്‍മ, മറ്റു ഭാരവാഹികളായ എം.പി. ജയ്‌മോന്‍, പി.ആര്‍. ജോഷി, സി. താജുദ്ദീന്‍, ബെബറ്റോ സാബു, ഹെര്‍ ട്രെയില്‍സ്-2026 ക്യുറേറ്റര്‍ രഞ്ജിനി മേനോന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാരിസണ്‍സ് എസ്റ്റേറ്റില്‍ 35 കിലോമീറ്റര്‍ ട്രാക്കിലാണ് മത്സരാടിസ്ഥാനത്തില്‍ അല്ലാത്ത ഓഫ് റോഡ് ചലഞ്ച്. സമാപന സമ്മേളനം വൈകുന്നേരം അഞ്ചിന് മാനന്തവാടി ബോയ്‌സ് ടൗണ്‍ കൊമാച്ചി പാര്‍ക്കില്‍ നടത്തും.
ഹെര്‍ ട്രെയില്‍സ്-2026ന്റെ ഭാഗമായ വനിതാ കോണ്‍ക്ലേവ് 17ന് രാവിലെ 9.30ന് ബത്തേരി സപ്ത കണ്‍വന്‍ഷന്‍ സെന്ററില്‍ പദ്മശ്രീ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് നെറ്റ് വര്‍ക്കിംഗ് ഡിന്നര്‍ രാത്രി ഏഴ് മുതല്‍ 10.30 വരെ നടക്കും.
വയനാടിനെ വനിതാ സൗഹൃദ ടൂറിസം കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുകയാണ് ഹെര്‍ ട്രെയില്‍സ്-2026ന്റെ ലക്ഷ്യം. കോണ്‍ക്ലേവില്‍ രാജ്യത്തിന്‍െ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വനിതാ നേതാക്കള്‍, സംരംഭകര്‍, അധ്യാപകര്‍, സാഹസിക വനിതകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, ടൂറിസം മേഖലയിലെ പ്രവര്‍ത്തകര്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉത്തരവാദിത്വ ടൂറിസം, സുസ്ഥിര വികസനം, സമൂഹ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും ഉണ്ടാകും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *