കൽപറ്റ:വയനാട് ജില്ലാ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പുകളുടെ യോഗം ചേർന്നു. വിവിധ വർക്കിങ് ഗ്രൂപ്പുകൾ വിഷയ മേഖല അടിസ്ഥാനത്തിൽ വിശദമായ ചർച്ചകൾ നടത്തി വാർഷിക പദ്ധതിയിലേക്കുള്ള നിർദേശങ്ങൾ സമർപ്പിച്ചു. എപിജെ ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.ഹംസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, വർക്കിങ് ഗ്രൂപ്പ് അംഗങ്ങളായി ജില്ലാ പഞ്ചായത്ത് നോമിനേറ്റ് ചെയ്ത വിവിധ വിഷയ മേഖലകളിലെ വിദഗ്ധർ എന്നിവർ പങ്കെടുത്തു.
ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയിൽ വിവിധ വകുപ്പുകളുടെയും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടു കൂടി കർമ്മ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ അറിയിച്ചു. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിയും തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കുന്നതിന് ഉതകുന്ന പദ്ധതികൾ ആവിഷ്ക്കരിച്ചും ഭവന പദ്ധതിയിലും പട്ടികജാതി പട്ടികവർഗ വികസന ഫണ്ടുകളുടെ വിനിയോഗത്തിലും ശ്രദ്ധ പതിപ്പിക്കുന്നതാണ്. പഞ്ചായത്തിൻ്റെ ആസ്തികളുടെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കുന്നതിനുള്ള കർമപദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതാണ്. വിദ്യാഭ്യാസ മേഖലയിൽ നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രോജക്ടുകളുടെ സമഗ്ര വിശകലനം നടത്തി ഫലപ്രാപ്തി ഉറപ്പാക്കും.
ജില്ലാ പഞ്ചായത്തിൻ്റെ ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ജി.സുകുമാരൻ പദ്ധതി മാർഗരേഖ അവതരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജിനി തോമസ്, വി എൻ ശശീന്ദ്രൻ, ഗിരിജ കൃഷ്ണൻ , സൽമ മോയി, ജില്ലാ പഞ്ചായത്ത് അംഗം ബീന വിജയൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ആസൂത്രണ സമിതി അംഗം യഹ്യാഖാൻ തലക്കൽ എന്നിവരും സംസാരിച്ചു.
