ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 1.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സേവാ തീര്‍ഥ്’ എന്ന കെട്ടിട സമുച്ചയത്തിന്റെ പേര് അനാച്ഛാദനം ചെയ്യും.

കാബിനറ്റ് യോഗത്തിന് ശേഷം കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സൗത്ത് ബ്ലോക്കില്‍ നിന്ന് സേവ തീര്‍ഥിലേക്ക് എത്തും. സേവാ തീര്‍ഥ് ഒന്നിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. ആധുനികസൗകര്യങ്ങളോടൊപ്പം വിദേശ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ക്കായി ‘ഇന്ത്യ ഹൗസ്’ എന്ന പ്രത്യേക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടെ കൊളോണിയല്‍ കാലഘട്ടത്തിന്റെ പ്രതീകമായ സൗത്ത് ബ്ലോക്ക് ചരിത്ര മ്യൂസിയമായി മാറ്റാനാണു സര്‍ക്കാര്‍ തീരുമാനം.

പ്രധാനമന്ത്രിയുടെ ഓഫിസ് അടങ്ങിയ സേവാ തീര്‍ഥ് 1, കാബിനറ്റ് സെക്രട്ടേറിയറ്റ് അടങ്ങുന്ന സേവാ തീര്‍ഥ് 2, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫിസും അടങ്ങുന്ന സേവാ തീര്‍ഥ് 3യും പദ്ധതിയുടെ ഭാഗമാണ്. കാബിനറ്റ് സെക്രട്ടേറിയറ്റ് ഇതിനകം രാഷ്ട്രപതി ഭവനില്‍ നിന്ന് സേവ തീര്‍ഥ് -2 ലേക്ക് മാറി. പിഎംഒയുടെ മാറ്റത്തെത്തുടര്‍ന്ന് പ്രതിരോധ – വിദേശകാര്യ മന്ത്രാലയങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സൗത്ത് ബ്ലോക്കില്‍ നിന്ന് ഒന്നിലധികം ഓഫീസുകളിലേക്ക് മാറും. നോര്‍ത്ത് ബ്ലോക്ക് പൂര്‍ണമായും ഒഴിപ്പിച്ച് മന്ത്രാലയങ്ങള്‍ ഐക്കണിക് കെട്ടിടത്തില്‍ നിന്ന് രാജ് പഥ് എന്നറിയപ്പെട്ടിരുന്ന കര്‍ത്തവ്യ പാതയിലെ പുതിയ കെട്ടിടങ്ങളിലേക്ക് മാറി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *