ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഹിന്ദു – മുസ്ലീം മിശ്രവിവാഹത്തിന് എതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. വെള്ളിയാഴ്ച നടക്കാനിരുന്ന വിവാഹം പ്രതിഷേധങ്ങളുടെ തുടര്‍ന്ന് മാറ്റിവച്ചു. ഗംഗാനഗറിലെ റിസോര്‍ട്ടില്‍ നടക്കാനിരുന്ന ഹിന്ദു സ്ത്രീയും- മുസ്ലീം പുരുഷനും തമ്മിലുള്ള വിവാഹമാണ് മാറ്റിവച്ചത്. വിവാഹത്തിനെതിരെ ലവ് ജിഹാദ് ആരോപിച്ചാണ് ചില ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്.

ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെയും സംഘര്‍ഷ സാധ്യതയെയും തുടര്‍ന്നാണ് വിവാഹം മാറ്റിവയ്ക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് സുരക്ഷയ്ക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. സംഘര്‍ഭീതിയുടെ പശ്ചാത്തലത്തില്‍ റിസോര്‍ട്ട് മാനേജ്‌മെന്റ് വിവാഹത്തിന്റെ ബുക്കിങ്ങ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

വിവാഹ ചടങ്ങിനോട് അനുബന്ധിച്ച ക്ഷണക്കത്തില്‍ വരന്റെ വ്യക്തി വിവരങ്ങള്‍ മറച്ചുവച്ചതായും, വിവാഹം ‘ലവ് ജിഹാദ്’ ആണെന്നും ചില ഹിന്ദുത്വ സംഘടനകളുടെ ആരോപണം. മത പരിവര്‍ത്തനം ആരോപിച്ച് യുവതിയുടെ അമ്മാവന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരാതിയില്‍ ഫെബ്രുവരി 9 ന് കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു. വിവാഹ ക്ഷണക്കത്തില്‍ അച്ചടിച്ച പേരുകളിലെ പൊരുത്തക്കേടുകളും മറ്റ് ആരോപണങ്ങളും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് (റൂറല്‍) അഭിജിത് കുമാര്‍ അറിയിച്ചു.

വിവാഹ കാര്‍ഡില്‍ വരന്റെ പേര് ‘സാഹില്‍’ എന്ന് അച്ചടിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇയാള്‍ക്ക് ‘ഷഹവേസ്’ എന്ന് മറ്റൊരു പേരുണ്ടെന്നും ഇവര്‍ പറയുന്നു. ‘ആരുടെയും വ്യക്തിസ്വാതന്ത്ര്യത്തിന് ഞങ്ങള്‍ എതിരല്ല, പക്ഷേ ഐഡന്റിറ്റി മറച്ചുവെക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്താല്‍ അത് ഗുരുതരമായ കാര്യമാണെന്നും സുതാര്യമായി അന്വേഷിക്കണമെന്നും’ പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍, ആരോപണങ്ങള്‍ തള്ളി വധു രംഗത്തെത്തി. താന്‍ പ്രായപൂര്‍ത്തിയായ ആളാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ആറ് വര്‍ഷമായി ആളെ അറിയാം. രണ്ട് കുടുംബങ്ങള്‍ക്കും ഈ ബന്ധത്തെക്കുറിച്ച് അറിയാം. പേര് മറച്ചുവച്ചിട്ടില്ലെന്നും യുവതി വിശദീകരിക്കുന്നു. അമ്മാവന്റെ പരാതിക്ക് പിന്നില്‍ കുടുംബ തര്‍ക്കമാണെന്നും യുവതി പറഞ്ഞു. വിവാഹം സംബന്ധിച്ച വാര്‍ത്ത ഇതിനോടകം സോഷ്യല്‍ മീഡിയയിലും ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *