ന്യൂഡല്‍ഹി: നവകേരള സര്‍വേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാരിന് ആശ്വാസം പകരുന്നതാണ് സുപ്രീം കോടതി നടപടി.

ഇത്തരം സര്‍വേ നടത്തുന്നതില്‍ എന്താണ് അപാകതയെന്ന് സുപ്രീം കോടതി ചോദിച്ചു. ക്ഷേമത്തിനായി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവാക്കുമ്പോള്‍ അതിന്റെ ഗുണഭോക്താക്കളോട് വിവരശേഖരണം നടത്തുന്നതില്‍ എന്താണ് തെറ്റെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ക്ഷേമപദ്ധതികള്‍ എങ്ങനെ നടക്കുന്നുവെന്നറിയാന്‍ സംസ്ഥാനത്തിന് അവകാശമുണ്ട്. എങ്ങനെയെല്ലാം അത് മെച്ചപ്പെടുത്താമെന്ന് സംസ്ഥാനത്തിന് പരിശോധിക്കാമെന്നും കോടതി നിരീക്ഷിച്ചു. വളണ്ടിയർമാർക്ക് ഒരു പൈസ പോലും പ്രതിഫലമായി നൽകിയിട്ടില്ലെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി

നവകേരള സര്‍വേ നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു ഖജനാവിലെ ഫണ്ടും ഉപയോഗിച്ചു സര്‍വേ നടത്തുന്നതു നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ ഓടയ്ക്കാലി സ്വദേശി എംഎച്ച് മുബാസും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും നല്‍കിയ ഹര്‍ജികള്‍ അനുവദിച്ചാണു ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വിഎം ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

നവകേരള സിറ്റിസന്‍ റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉള്‍പ്പെടെ നിയോഗിച്ച് 20 കോടി രൂപ ചെലവില്‍ നടത്തുന്ന സര്‍വേ നിയമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ ആക്ഷേപം. ധനകാര്യ അനുമതിയില്ലാതെയും ബജറ്റ് വകയിരുത്തല്‍ ഇല്ലാതെയുമുള്ള നടപടി നിയമവിരുദ്ധമെന്ന വാദം അംഗീകരിച്ചായിരുന്നു സുപ്രീം കോടതിയുടെ നടപടി

By ONLINE

Leave a Reply

Your email address will not be published. Required fields are marked *