ബത്തേരി: യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്നു മോചിപ്പിക്കുന്ന തിനായി ശാന്തിഗിരി ആശ്രമത്തിൻ്റെ യുവജന സംഘടനയായ ശാന്തി മഹിമ ഹെൽത്തി സൈൻഡ് എംപവേഡ് യൂത്ത് കേരള എന്ന പേരിൽ 3 വർഷം നീളുന്ന ലഹരി വിരുദ്ധ പ്രവർത്തന പദ്ധതി നടപ്പാക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. ശാന്തിഗിരി ആശ്രമ സ്‌ഥാപക ഗുരു നവജ്യോതി കരുണാകര ഗുരുവിൻ്റെ ജന്മശതാബ്ദിയുടെ ഭാഗമായാണു പരിപാടി. ആദ്യ ഘട്ടമായി ബോധവൽക്കരണ സെമിനാറുകൾ, സ്‌കൂൾ, കോളജ് തലത്തിൽ കലാകായിക മത്സരങ്ങൾ, ഫ്ലാഷ് മോബുകൾ, തെരുവ് നാടകങ്ങൾ, കേരളത്തിൽ ഉടനീളം യുവാക്കൾക്കായി ലഹരിക്കെതിരെ ഒരു ഗോൾ എന്ന പേരിൽ ഫുട്ബോൾ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.

പരിപാടിയുടെ ഭാഗമായി ബത്തേരി ശാന്തിഗിരി ആശ്രമത്തിൽ 23 മുതൽ 3 ദിവസത്തെ നേതൃത്വ പരിശീലന ക്യാംപ് സംഘടിപ്പിക്കും. ക്യാംപിൻ്റെ വിളംബരമായി 23 നു കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്തു നിന്ന് ആരംഭിച്ച് എസ്കെ പൊറ്റക്കാട്ട് സ്ക്വയറിൽ സമാപിക്കുന്ന യുവജന ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കും. റാലി എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്യും. 24 നു രാവിലെ 10 നു ആശ്രമത്തിൽ മന്ത്രി ഒ.ആർ.കേളു ക്യാംപ് ഉദ്ഘാടനം ചെയ്യും. സമാപനത്തോടനുബന്ധിച്ച് 25 നു ബത്തേരി ചുങ്കത്ത് നിന്ന് ആരംഭിച്ച് സ്വതന്ത്ര മൈതാനിയിൽ സമാപിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യുവജന റാലി ടി.സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഗുരുരത്നം ജ്ഞാന തപസ്വി ക്യാമ്പിൽ ലഹരി വിരുദ്ധ സന്ദേശം നൽകും.

മൂന്ന് വർഷം നീണ്ടു നിൽക്കുന്ന മുഴുവൻ സമയ വോളൻ്റിയർമാർക്കുള്ള നേതൃത്വ പരിശീലന ക്ലാസുകൾ, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ, ആത്മീയ മാനസികാരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, വിവിധ കലാകായിക മത്സരങ്ങൾ, ലഹരി വിരുദ്ധ ചർച്ചകൾ തുടങ്ങിയവ ക്യാമ്പിൻ്റെ ഭാഗമാണ്. ബത്തേരി ബ്രാഞ്ച് ആശ്രമം ചീഫ് സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി, ആർട്‌സ് ആൻഡ് കൾച്ചർ ഹെഡ് സ്വാമി ഗുരുസവിദ് ജ്ഞാന തപസ്വി, ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷൻ ഹെഡ് ഡോ. ഗുരുനന്ദ് ജ്ഞാന തപസ്വി, ശാന്തിമഹിമ ഇൻചാർജ് സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി, ബ്രഹ്മചാരി രാജേഷ്, ബ്രഹ്മചാരി സത്പ്രഭ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *