കല്‍പ്പറ്റ: പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായ കാന്തന്‍പാറയിലേക്ക് സഞ്ചാരികള്‍ നടത്തുന്നത് സാഹസിക യാത്ര. മേപ്പാടിക്കടുത്തുള്ള റിപ്പണ്‍ 52ല്‍നിന്നു കാന്തന്‍പാറയിലേക്കുള്ള മൂന്നു കിലോമീറ്റര്‍ പാത വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ പാതയിലൂടെയാണ് കാന്തന്‍പാറയിലേക്കും തിരിച്ചും സഞ്ചാരികളുടെ യാത്ര. റോഡ് നവീകരണത്തിന് മൂന്നു കോടി രൂപയാണ് ആവശ്യം. എന്നാല്‍ ഒരു കോടി രൂപയാണ് ടൂറിസം വകുപ്പ് ഇതിനകം അനുവദിച്ചത്. അതിനാല്‍ത്തന്നെ പ്രവൃത്തി തുടങ്ങാനായില്ല. അടുത്ത സര്‍ക്കാര്‍ ആവശ്യമായ മുഴുവന്‍ തുകയും അനുവദിക്കുന്ന മുറയ്ക്കായിരിക്കും റോഡ് നവീകരണത്തിന്റെ ഗതി.
മൂപ്പൈനാട് പഞ്ചായത്ത് പരിധിയിലാണ് വിസ്മയക്കാഴ്ചകളുമായി പ്രകൃതി സഞ്ചാരികളെ കാത്തിരിക്കുന്ന കാന്തന്‍പാറ. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലാണ് ഇവിടെ വിനോദസഞ്ചാരം. ദിവസം ശരാശരി 500 സഞ്ചാരികളാണ് കാന്തന്‍പാറയിലെത്തുന്നത്. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരുടെ ഒഴുക്കിനാണ് കാന്തന്‍പാറ സാക്ഷിയാകുന്നത്. വെള്ളച്ചാട്ടമാണ് മുഖ്യ ആകര്‍ഷണം. വെള്ളച്ചാട്ടത്തിന്റെ മഴക്കാലകാഴ്ച സുന്ദരമാണ്. 30 മീറ്ററിലേറെ ഉയരത്തില്‍നിന്നാണ് വെള്ളം തട്ടുകളായി താഴേക്ക് പതിക്കുന്നത്. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍നിന്നു 22 ഉം മൂപ്പൈനാട് പഞ്ചായത്ത് കേന്ദ്രമായ വടുവന്‍ചാലില്‍നിന്നു അഞ്ചും കിലോമീറ്റാണ് ഇവിടേക്ക് ദൂരം. റോഡ് മോശമെങ്കിലും കാന്തന്‍പാറയിലേക്കുള്ള യാത്രയിലെ പ്രകൃതിദൃശ്യങ്ങള്‍ ഹൃദ്യമാണ്.
കാന്തന്‍പാറയില്‍ സഞ്ചാരികള്‍ക്ക് റാപ്പെലിംഗ് സൗകര്യം ഒരുക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പദ്ധതിയിട്ടിരുന്നു. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് റാപ്പെലിംഗ് ആസൂത്രണം ചെയ്തത്. 2022 ഫെബ്രുവരിയില്‍ ബംഗളൂരുവിലെ അഡ്വഞ്ചര്‍ സ്‌കൂളില്‍നിന്നുള്ള സംഘം പരീക്ഷണാടിസ്ഥാനത്തില്‍ റാപ്പെലിംഗ് നടത്തുകയുമുണ്ടായി. എന്നാല്‍ പദ്ധതി ചുകപ്പുനാടയില്‍ കുരുങ്ങി.
കാന്തന്‍പാറയ്ക്ക് ഏറെ അകലെയല്ല സൂചിപ്പാറ, മീന്‍മുട്ടി വെള്ളച്ചാട്ടങ്ങള്‍. വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിലാണ് സൂചിപ്പാറ വെള്ളച്ചാട്ടം. സെന്റിനല്‍ റോക്ക് വെള്ളച്ചാട്ടമെന്നും ഇതിനു പേരുണ്ട്. 656 അടി ഉയരത്തില്‍നിന്നു മൂന്നു തട്ടുകളായാണ് ഇവിടെ വെള്ളത്തിന്റെ വീഴ്ച. സാഹിസിക സഞ്ചാരികളുടെയും പ്രിയ കേന്ദ്രമാണ് സൂചിപ്പാറ. വേനലില്‍ നൂറുകണക്കിനാളുകളാണ് സൂചിപ്പാറയില്‍ ട്രക്കിംഗിനു എത്തുന്നത്. വൈത്തിരി താലൂക്കില്‍ മൂപ്പൈനാട് വില്ലേജിലാണ് മീന്‍മുട്ടി വെളളച്ചാട്ടം. കല്‍പ്പറ്റയില്‍നിന്നു മേപ്പാടിയിലൂടെ നീലഗിരിയിലേക്കുളള വഴിയില്‍ വടുവന്‍ചാലില്‍നിന്നു കുറച്ചകലെയാണ് മീന്‍മുട്ടി. മഴക്കാലത്ത് ദുര്‍ഘടമാണ് ഇവിടേക്കുള്ള യാത്ര. കല്‍പ്പറ്റയില്‍നിന്നു 29 കിലോമീറ്ററാണ് മീന്‍മുട്ടിയിക്കേ് ദൂരം. ഇവിടെ ഏകദേശം 300 മീറ്റര്‍ ഉയരത്തില്‍നിന്നാണ് വെള്ളം മൂന്നു തട്ടുകളായി ഊര്‍ന്നിറങ്ങുന്നത്.
മഴക്കാലത്ത് ഹൃദയസ്പര്‍ശിയാണ് മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്റെ അഴക്. കാന്തന്‍പാറയിലെയും മീന്‍മുട്ടിയിലേയും സൂചിപ്പാറയിലേയും വെള്ളം ചാലിയാറിലേക്കാണ് ഒഴുകുന്നത്.
