ചെന്നൈ: ഐപിഎല്ലിൽ ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിൽ എത്തിയ സഞ്ജു സാംസൺ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ചെന്നൈയ്ക്കായി 10 മത്സരങ്ങളിൽ നിന്ന് 402 റൺസ് ആണ് താരം അടിച്ചെടുത്തത്. രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ പ്രകടനം. രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈയിലേക്ക് എത്തിയപ്പോൾ താരത്തെ നായക സ്ഥാനത്തേക്ക് പരിഗണിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ, ചെന്നൈ ടീമിലേക്ക് താൻ എത്തിയത് ഒന്നും പ്രതീക്ഷിച്ചല്ല എന്നാണ് സഞ്ജു പറയുന്നത്.
”സിഎസ്കെയുടെ ക്യാപ്റ്റനാകണമെന്ന ചിന്ത എനിക്കില്ലായിരുന്നു. എനിക്ക് നേരത്തെ തന്നെ ഒരു ടീം ഉണ്ടായിരുന്നു. എനിക്ക് അവിടെ ഒരു സ്ഥാനവും ഉണ്ടായിരുന്നു. എനിക്ക് അവിടെ നിന്നും പുറത്തു വന്ന് മറ്റൊരു ടീമിൽ ചേരണം എന്ന് ആഗ്രഹുമുണ്ടായിരുന്നു. ഒരു പുതിയ വീട്ടിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ നിങ്ങൾ അവിടെ നിബന്ധനകളുമായി പോകരുത് എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്” സിഎസ്കെ പുറത്തിറക്കിയ പോഡ്‌കാസ്റ്റിൽ സഞ്ജു പറഞ്ഞു.
”ചെന്നൈയിലും,ദുബൈയിലും ഒരുപാട് മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ഇങ്ങനെ മലയാളികളെ തെരഞ്ഞെടുക്കുന്നതിന്റെ കാരണം അവർ ചെയ്യുന്ന തൊഴിലിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവിതം പോലും നൽകാൻ തയ്യാറാകും എന്നതാണ്. സിഎസ്കെ എന്നെ വിശ്വസിക്കുകയും ക്ഷണിക്കുകയും ചെയ്തു. ഇവിടെ എനിക്ക് നൽകാൻ കഴിയുന്നതിന്റെ പരമാവധി നൽകാൻ ഞാൻ തയ്യാറാണ്,” സഞ്ജു കൂട്ടിച്ചേർത്തു.
ഋതുരാജ് ഗെയ്ക്‌വാദ് മികച്ച ക്യാപ്റ്റന്‍ ആണെന്നും രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈയിൽ എത്തിക്കാൻ ഋതുരാജ് തന്നെയാണ് മുൻ കയ്യെടുത്തത് എന്നും സഞ്ജു വ്യക്തമാക്കി.
