വിജയന്റെ വീട്ടിലെ പാലുകാച്ചല്‍ ചടങ്ങില്‍നിന്ന്.

കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്കു സമീപം എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയില്‍ സജ്ജമാക്കുന്ന ടൗണ്‍ഷപ്പില്‍ ആദ്യകുടുംബം താമസം തുടങ്ങി. ചൂരല്‍മല സ്‌കൂള്‍ റോഡ് വിജയനും കുടുംബവുമാണ് ടൗണ്‍ഷിപ്പില്‍ ഒന്നാം സോണിലെ ഡി ക്ലസ്റ്ററില്‍ 38-ാം നമ്പര്‍ വീട്ടില്‍ താമസമാരംഭിച്ചത്. ഇന്നു രാവിലെ 10.30 ഓടെയായിരുന്നു ഗൃഹപ്രവേശം.
ആദ്യഘട്ട പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റുകുടുംബങ്ങളും ടൗണ്‍ഷിപ്പില്‍ സമീപ ദിവസങ്ങളില്‍

താമസം ആരംഭിക്കും. 178 ഗുണഭോക്താക്കളാണ് ആദ്യഘട്ടം പട്ടികയിലുള്ളത്.
ചൂരല്‍മല ഹൈസ്‌കൂള്‍ റോഡിലുണ്ടായിരുന്ന വിജയന്റെ വീട് ഉരുള്‍ ദുരന്തത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ടൗണ്‍ഷിപ്പില്‍ കുടുംബത്തിന് ഇനി പുതിയ ജീവിതം. വിജയന്‍, ഭാര്യ ലാലു, മകന്‍ സ്മിജിത്ത്, ഭാര്യ സജിത എന്നിവരും മൂന്നു കുട്ടികളുമാണ് ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍.

ഗൃഹപ്രവേശച്ചടങ്ങില്‍ വിജയന്റെ ബന്ധുമിത്രാദികള്‍ക്കു പുറമേ മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍,
മുന്‍ മന്ത്രി ഒ.ആര്‍. കേളു, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന സമിതിയംഗം സി.കെ. ശശീന്ദ്രന്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ.ആര്‍ ജിതിന്‍, സെക്രട്ടറി കെ.എം. ഫ്രാന്‍സിസ്, സിപിഎം കല്‍പ്പറ്റ ഏരിയ സെക്രട്ടറി വി. ഹാരീസ് തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൃഹനാഥനെ വീഡിയോ കാള്‍ ചെയ്ത് ആശംസ നേര്‍ന്നു. വയനാട്ടിലെത്തുമ്പോള്‍ നേരില്‍ കാണാമെന്ന് അറിയിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ കുടുംബത്തെ സന്ദര്‍ശിച്ചു. ലാലുവാണ് പുതിയ വീട്ടില്‍ അടുപ്പുകത്തിച്ച് പാല്‍ കാച്ചിയത്. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് കേക്ക് മുറിച്ചു.

ടൗണ്‍ഷിപ്പില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി 159 വീടുകളുടെ കൈമാറ്റം ഇതിനകം നടത്തിയിട്ടുണ്ട്. ബാക്കി വീടുകള്‍ വൈകാതെ കൈമാറും. ടൗണ്‍ഷിപ്പില്‍ ഒന്നിച്ചുതാമസം തുടങ്ങണമെന്ന നിലപാടിലായിരുന്നു പ്രഥമഘട്ടം പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍. ഇതിനിടെയാണ് ഒരു കുടുംബം താമസം ആരംഭിച്ചത്.

2025 മാര്‍ച്ച് 27നായിരുന്നു ടൗണ്‍ഷിപ് ശിലാസ്ഥാപനം. ഒന്നാംഘട്ടം ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പുനരധിവാസ പദ്ധതിക്ക് 44.33 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് 2025 ഏപ്രില്‍ 11നാണ് സര്‍ക്കാര്‍ 64.4075 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തത്. ആകെ 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്നത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *