മുട്ടിൽ: കൽപറ്റ ജനറൽ ആശുപത്രിക്കുസമീപത്തുള്ള ഡബ്ല്യു.എം.ഒ. ബാഫഖി ഹോമിൻ്റെ ഒരുവർഷക്കാലത്തെ പ്രവർത്തന ഫണ്ട് സമാഹരിക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന ബലിപെരുന്നാൾ കാമ്പയിൻ നമ്മുടെ കടമായി കണ്ട് വിജയിപ്പിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി. ഹംസ മുസ്ല്യാർ ആവശ്യപ്പെട്ടു. മഹല്ല് ഖത്തീബുമാരുടെ സ്വീകാര്യതയും പ്രാപ്തിയും ഇതിനായി പ്രയോജനപ്പെടുത്തണം. ഇത്തരം കാരുണ്യപ്രവർത്തകർക്ക് ധർമ്മയോദ്ധാവിൻ്റെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. കാമ്പയിൻ മുന്നോടിയായി വൈത്തിരി താലൂക്ക് ഉസ്താദുമാരുടെ സംഗമം ഡബ്ല്യു.എം.ഒ. കാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രണ്ടുനേരത്തെ ഭക്ഷണം, ചുടുവെള്ളം, സൗജന്യ നിരക്കിൽ ഫിസിയോതെറാപ്പി, മരണാനന്തര പരിപാലന സൗകര്യങ്ങൾ എന്നിവ നൽകിവരുന്ന ബാഫഖി ഹോമിൻ്റെ പ്രവർത്തനം ജമാൽ സാഹിബ് സ്വപ്നംകണ്ട തലത്തിലേക്ക് വികസിച്ചുവരികയാണ്. ഇതിലേക്ക് സഹൃദയരുടെ ബഹുമുഖമായ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബലിപെരുന്നാളിനു മുമ്പുള്ള വെള്ളിയാഴ്ച മഹല്ലുകളിൽ വിഷയം അവതരിപ്പിച്ച് ഫണ്ട് കളക്ഷൻ വിജയിപ്പിക്കാൻ ഖത്തീബുമാരോട് യോഗം അഭ്യർത്ഥിച്ചു. പി.സി. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് കുട്ടി ഹസനി, അബ്ദുറഹ്മാൻ ഫൈസി മില്ല്മുക്ക്, മുഹമ്മദ് ഷാ മാസ്റ്റർ, മുജീബ് ഫൈസി, വി.പി. അബ്ദുൽ ഷുക്കൂർ എന്നിവർ സംസാരിച്ചു. എൻ.കെ. മുസ്തഫ ഹാജി, മജീദ് റിപ്പൺ, ലത്തീഫ് പുനത്തിൽ, ഹനീഫ പൊഴുതന എന്നീ കമ്മറ്റി അംഗങ്ങളും വിവിധ മഹല്ലുകളിലെ ഖത്തീബ് ഉസ്താദുമാരും മറ്റ് ഡബ്ല്യൂ.എം.ഒ. പ്രവർത്തകരും സംബന്ധിച്ചു.
