മാനന്തവാടി: കായകല്‍പ്പം നൂറുദിന പദ്ധതിയുടെ ഭാഗമായി വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ എം.ആര്‍.ഐ. മെഷീന്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലെ (ആര്‍.ജി.സി.ബി) വിദഗ്ധ സംഘം വെള്ളിയാഴ്ച മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി.
ആര്‍.ജി.സി.ബി മെഡിക്കല്‍ ലബോറട്ടറി സര്‍വീസ് തലവന്‍ ഡോ. ആര്‍. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ. രാജശേഖരന്‍, ലാബ് മാനേജര്‍ കെ.ബി. സതീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് സ്‌കില്‍ പാര്‍ക്കില്‍ ഉഷാ വിജയന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

സര്‍ജറി കോംപ്ലക്‌സില്‍ അത്യാധുനിക ലാബും സ്‌കാനിംഗ് സംവിധാനവും
ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ആശുപത്രിയിലെ സര്‍ജറി കോംപ്ലക്‌സിന്റെ ഗ്രൗണ്ട് ഫ്‌ലോര്‍ അനുയോജ്യമാണെന്ന് വിദഗ്ധ സംഘം കണ്ടെത്തി. ഈ നിലയില്‍
എം.ആര്‍.ഐ. മെഷീന്‍, ഡിജിറ്റല്‍ എക്‌സ്‌റേ മെഷീന്‍, അള്‍ട്രാസൗണ്ട് മെഷീന്‍ എന്നിവ സ്ഥാപിക്കും.

പാത്തോളജി, മൈക്രോബയോളജി, വൈറോളജി, ബയോകെമിസ്ട്രി ഇമ്മ്യൂണോളജി സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന അത്യാധുനിക ലാബ്.
രോഗികള്‍ക്കായുള്ള കാത്തിരിപ്പ് കേന്ദ്രം, ശൗചാലയം എന്നിവയും ഈ നിലയില്‍ തന്നെ സജ്ജീകരിക്കും.

ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെയും അനുമതി ലഭിക്കുന്ന മുറയ്ക്ക് ഈ സ്ഥലം ആര്‍.ജി.സി.ബിക്ക് പൂര്‍ണമായും കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് സി.കെ. ജീവന്‍ലാല്‍ അറിയിച്ചു.

ഇവിടെയുള്ള പരിശോധനാ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമായിരിക്കും. സേവനങ്ങളുടെ നിരക്കുകള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുകയോ അതില്‍ കുറവോ ആയിരിക്കുമെന്നത് സാധാരണക്കാരായ രോഗികള്‍ക്ക് വലിയ ആശ്വാസമാകും. വിവിധ സൗജന്യ സ്‌കീമുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ലാബിലേക്ക് ആവശ്യമായ ജീവനക്കാരെ പൂര്‍ണമായും ആര്‍.ജി.സി.ബി തന്നെ നിയോഗിക്കുകയും വേതനം നല്‍കുകയും ചെയ്യും.
മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കും ഈ ലാബും എക്‌സ്‌റേ സംവിധാനങ്ങളും ഉപയോഗിക്കാനാകും. ഈ പരിശോധനാ സംവിധാനങ്ങളുടെ നിയന്ത്രണ ചുമതല കോളേജ് പ്രിന്‍സിപ്പലിനും സൂപ്രണ്ടിനുമായിരിക്കും.
അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം
സംവിധാനങ്ങള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗം എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളത്തിന്റെ ലഭ്യതയും ശാസ്ത്രീയമായ മാലിന്യനിര്‍മാര്‍ജന സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തും.
യോഗത്തില്‍ മാനന്തവാടി നഗരസഭാധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ പി.കെ. ഹംസ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. പി.ഡി. ബെന്നി തുടങ്ങിയവരും പങ്കെടുത്തു. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ വയനാട് മെഡിക്കല്‍ കോളേജില്‍ എത്തുന്ന മുഴുവന്‍ രോഗികള്‍ക്കും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *