ഇറാനെതിരെ ഇനി സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴിയെന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് പാത തുറക്കുന്നതിന് ഇറാന്‍ പുതിയ നിബന്ധനകള്‍ വച്ചതിനു പിന്നാലെയാണ് നീക്കം. ഇറാനെതിരെ പുതിയ സൈനിക നടപടികള്‍ ഉണ്ടാകില്ലെന്നും ട്രംപ് സൂചിപ്പിച്ചു.

ഇറാനെതിരെ ഒരു മയപ്പെടുത്തിയ നിലപാടാണ് തുടര്‍ന്ന് സ്വീകരിക്കുക എന്നാണ് ട്രംപ് വിശദീകരിച്ചിരിക്കുന്നത്. ചാനല്‍ 12ല്‍ ബരാക് റാവിഡുമായുള്ള ഹ്രസ്വമായ ഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി ഇറാനെതിരെ സൈനിക നടപടികളിലല്ല അമേരിക്ക ശ്രദ്ധയൂന്നുകയെന്നും സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴിയിലൂടെ ഇറാനെ വരുതിക്ക് കൊണ്ട് വരാന്‍ ശ്രമിക്കുമെന്നുമാണ് ട്രംപ് വിശദീകരിച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതിന് ഇറാന്‍ ശനിയാഴ്ച കര്‍ശന വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം വന്നിരിക്കുന്നത്.

അതിനിടെ ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ പുനഃസ്ഥാപിച്ചാല്‍, പുതിയ ആണവ കരാര്‍ ഉണ്ടാക്കാതെ തന്നെ അമേരിക്ക യുദ്ധത്തില്‍ നിന്നും പിന്മാറുമെന്ന് ട്രംപ് മുതിര്‍ന്ന സഹായികളോട് പറഞ്ഞതായി ദ വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ നിലവില്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും ഇടനിലക്കാര്‍ വഴി സന്ദേശങ്ങള്‍ കൈമാറുക മാത്രമാണ് ചെയ്യുന്നതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രതികരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *