കൽപ്പറ്റ: വയനാട്ടിലെ ആദിവാസികൾ കൃഷിക്കും താമസത്തിനുമായി ഭൂമി ആവശ്യപ്പെട്ട് നടത്തുന്ന രണ്ടാംഘട്ട ഭൂസമരം പതിറ്റാണ്ട് പിന്നിട്ടിട്ടും എങ്ങുമെത്താതെ അനിശ്ചിതമായി നീളുന്നു. സി.പി.എം. നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസമിതിയുടെ (എ.കെ.എസ്) നേതൃത്വത്തിലും, ബി.ജെ.പി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ പട്ടികവർഗ സംഘടനകളുടെ നേതൃത്വത്തിലുമായി 2012-ൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ നിക്ഷിപ്ത വനഭൂമിയിൽ ആരംഭിച്ച സമരമാണ് തീരുമാനമാകാതെ തുടരുന്നത്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി സംസ്ഥാന സർക്കാരിന് ലഭിക്കാത്തതാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തി കൈവശരേഖ നൽകുന്നതിനുള്ള പ്രധാന തടസ്സമെന്ന് എ.കെ.എസ്. നേതാക്കൾ പറയുന്നു. വർഷങ്ങളായി സമരഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇതോടെ മങ്ങുന്നത്.
