1980 കളിൽ ബോളിവുഡിലും തെന്നിന്ത്യയിലും നിറസാന്നിധ്യമായിരുന്ന നടിമാരിലൊരാളായിരുന്നു രതി അഗ്നിഹോത്രി. ഏക് ദുജെ കെ ലിയേ, കൂലി എന്നീ ചിത്രങ്ങളിലൂടെയാണ് നടി പ്രശസ്തയായത്. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു, 1985 ൽ ആർക്കിടെക്റ്റ് അനിൽ വിർവാനിയുമായുള്ള രതിയുടെ വിവാഹം. വിവാഹത്തോടെ സിനിമയിൽ നിന്ന് രതി പിന്മാറി.

ഇപ്പോഴിതാ എല്ലാവരും കരുതിയിരുന്നതു പോലെ തന്റെ വിവാഹജീവിതം അത്ര മനോഹരമായിരുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രതി. താൻ ​ഗാർഹിക പീഡനത്തിന് ഇരയായിരുന്നുവെന്നും 30 വർഷത്തോളം അതെല്ലാം സഹിച്ച് താൻ ജീവിക്കുകയായിരുന്നുവെന്നും രതി പറയുന്നു. രണ്ട് കാരണങ്ങൾ കൊണ്ടാണ് താൻ എല്ലാം സഹിച്ച് നിന്നതെന്നും പറയുകയാണ് രതി.

വിവാഹത്തിന്റെ പവിത്രതയിലുള്ള വിശ്വാസവും തന്റെ മകനെ ഓർത്തും മാത്രമാണ് അതെന്നും നടി പറഞ്ഞു. “വിവാഹം വളരെ പവിത്രമാണെന്ന് ഞാൻ കരുതുന്നു. പിന്നെ മകനെ വളർത്തുക എന്ന ഉത്തരവാദിത്വവും. വലുതായപ്പോൾ അവൻ എന്നെ നന്നായി പിന്തുണച്ചു. കുറച്ചുനാൾ കഴിഞ്ഞാൽ എല്ലാം ശരിയാവുമെന്ന ഉറപ്പിലാണ് വേദനകൾ സഹിച്ചത്. പലപ്പോഴും ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.

ഞാൻ കൊല്ലപ്പെടും എന്ന പേടിയോടെയാണ് ഓരോ ദിവസവും കഴിഞ്ഞത്. സഹിക്കവയ്യാതെ 2015-ൽ പൊലീസിൽ പരാതി കൊടുത്തു. പിന്നീടൊരിക്കലും തിരിച്ച് ആ വീട്ടിലേക്ക് പോയിട്ടില്ല”, രതി അഗ്നിഹോത്രി പറഞ്ഞു. ആരും കാണാത്തിടത്താണ് മർദിച്ചതെന്നും അതുകൊണ്ടാണ് പാടുകൾ കാണാതിരുന്നതെന്നും താരം വെളിപ്പെടുത്തി. രതി അഗ്നിഹോത്രിയുടെ മകനും അഭിനയരം​ഗത്ത് സജീവമാണ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *