കല്‍പ്പറ്റ: വയനാട്ടില്‍ ത്രിതല പഞ്ചായത്തുകളില്‍ യുഡിഎഫ് പടയോട്ടം. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളില്‍ തിരുനെല്ലിയും മീനങ്ങാടിയും ഒഴികെയുള്ളവ യുഡിഎഫ് നേടി. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി, പനമരം ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നില്‍പോലും വിജയിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല. 23 പഞ്ചായത്തുകളില്‍ 16 എണ്ണത്തില്‍ യുഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. അമ്പലവയല്‍, എടവക, കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, പനമരം, പൊഴുതന, തരിയോട്, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി പഞ്ചായത്തുകളാണ് മുന്നണി സ്വന്തമാക്കിയത്.
മീനങ്ങാടി, മൂപ്പൈനാട്, മുട്ടില്‍, തിരുനെല്ലി, പുല്‍പ്പള്ളി എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. നെന്‍മേനി, പൂതാടി പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷമില്ല.
മൂന്നു മുനിസിപ്പാലിറ്റികളില്‍ കല്‍പ്പറ്റയില്‍ മാത്രമാണ് ഇടതുപക്ഷത്തിനു വിജയഗാഥ എഴുതാനായത്. മാനന്തവാടി മുനിസിപ്പാലിറ്റി നിലനിര്‍ത്തിയ യുഡിഎഫ് ബത്തേരി നഗരസഭ തിരിച്ചുപിടിച്ചു.
ജില്ലാ പഞ്ചായത്തില്‍ മത്സരിച്ച് ആറ് സീറ്റിലും മുസ്‌ലിംലീഗ് വിജയിച്ചു. 11 ഡിവിഷനുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒമ്പത് ഇടങ്ങളില്‍ വിജയിച്ചു. ബ്ലോക്ക് പഞ്ചായത്തുകളില്‍ കല്‍പ്പറ്റയും പനമരവും നിലനിര്‍ത്തിയ യുഡിഎഫ് ബത്തേരിയും മാനന്തവാടിയും തിരിച്ചുപിടിക്കുകയായിരുന്നു.
വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, തൊണ്ടര്‍നാട്, അമ്പലവയല്‍ പഞ്ചായത്തുകളില്‍ ഭരണനഷ്ടമാണ് എല്‍ഡിഎഫിനുണ്ടായത്. ഇടതുകോട്ടകളില്‍ യുഡിഎഫ് കടന്നുകയറി. പുല്‍പ്പള്ളിയും മൂപ്പൈനാടും മീനങ്ങാടിയും യുഡിഎഫില്‍നിന്നു ഇടതുമുന്നണി തിരിച്ചുപടിച്ചു. 2020ലെ തെരഞ്ഞെടുപ്പില്‍ തിരുനെല്ലി പഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളും തൂത്തുവാരിയ എല്‍ഡിഎഫിന് ഇക്കുറി മൂന്ന് വാര്‍ഡുകള്‍ നഷ്ടമായി.
ജില്ലാ പഞ്ചായത്ത് വിജയികള്‍: ഡിവിഷന്‍, വിജയി, പാര്‍ട്ടി എന്ന ക്രമത്തില്‍): തവിഞ്ഞാല്‍-ലിസി ജോസ്-കോണ്‍ഗ്രസ്), തിരുനെല്ലി-കെ.ആര്‍. ജിതിന്‍-സിപിഎം) പനമരം-ബീന സജി(കോണ്‍ഗ്രസ്), മുള്ളന്‍കൊല്ലി-ഗിരിജ കൃഷ്ണന്‍-കോണ്‍ഗ്രസ്), കേണിച്ചിറ-അമല്‍ ജോയി-കോണ്‍ഗ്രസ്), കണിയാമ്പറ്റ-എം. സുനില്‍കുമാര്‍-മുസ്‌ലിം ലീഗ്), മീനങ്ങാടി-ബീന വിജയന്‍-സിപിഎം), നൂല്‍പ്പുഴ-ഷീജ സതീഷ്-കോണ്‍ഗ്രസ്), അമ്പലവയല്‍-ജിനി തോമസ്-കോണ്‍ഗ്രസ്), തോമാട്ടുചാല്‍-വി.എന്‍. ശശീന്ദ്രന്‍(കോണ്‍ഗ്രസ്), മുട്ടില്‍-ടി.കെ. നസീമ-മുസ് ലിം ലീഗ്), മേപ്പാടി-ടി. ഹംസ(മുസ്‌ലിം ലീഗ്), വൈത്തിരി-ചന്ദ്രിക കൃഷ്ണന്‍(കോണ്‍ഗ്രസ്), പടിഞ്ഞാറത്തറ-കമല രാമന്‍(മുസ്‌ലിം ലീഗ്), തരുവണ-പി. മുഫീദ തെസ്‌നി-മുസ്‌ലിംലീഗ്), എടവക-ജില്‍ത്സണ്‍ തൂപ്പുംകര(കോണ്‍ഗ്രസ്), വെള്ളമുണ്ട-സല്‍മ മോയി(മുസ്‌ലിംലീഗ്).

By ONLINE

Leave a Reply

Your email address will not be published. Required fields are marked *