കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ സഭ, സീറോ മലങ്കര സഭ, ലത്തീന്‍ സഭ, മലങ്കര ഓര്‍ത്തഡോക്‌സ് സഭ, യാക്കോബായ സഭ മലബാര്‍ ഭദ്രാസനം, സിഎസ്‌ഐസഭ, ലങ്കര മാര്‍ത്തോമാ സിറിയന്‍ സഭ, ഇന്ത്യ ഇവാന്‍ജലിക്കല്‍ ലൂഥറന്‍ സഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം അഞ്ച് ചുണ്ടേല്‍ സെന്റ് ജൂഡ്‌സ് പള്ളിയില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം നടത്തും. ഇതോടനുബന്ധിച്ച് കോഴിക്കോട് അതിരൂപത മെത്രാന്‍ ഡോ.വര്‍ഗീസ് ചക്കാലക്കലിനു സ്വീകരണം നല്‍കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകുന്നേരം 4.30ന് കോഴിക്കോട് അതിരൂപത മെത്രാനെ ചുണ്ടേല്‍ കനറ ബാങ്ക് പരിസരത്ത് എതിരേക്കും. തുടര്‍ന്ന് സെന്റ് ജൂഡ്‌സ് പള്ളി അങ്കണത്തിലേക്ക് റാലി നടക്കും. പള്ളി ഓഡിറ്റോറിയത്തില്‍ ക്രിസ്മസ് ആഘോഷവും പൊതുസമ്മേളനവും ബത്തേരി രൂപത ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബത്തേരി ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് സന്ദേശം നല്‍കും. ആര്‍ച്ച് ബിഷപിനെ മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം ആദരിക്കും. യാക്കോബായ സഭ മലബാര്‍ ഭദ്രാസന സെക്രട്ടറി ഫാ.ബേസില്‍ പോള്‍ കരനിലത്ത്, സി.എസ്‌.ഐ സഭ വയനാട് ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ.ചെറിയാന്‍ പാറയില്‍, ചുണ്ടേല്‍ മലങ്കര മാര്‍ത്തോമ സിറിയന്‍ പള്ളിയിലെ ഫാ.കരണ്‍ ജോണ്‍ മത്തായി, ഇന്ത്യ ഇവാന്‍ജലിക്കല്‍ ലൂഥറന്‍ ചര്‍ച്ചിലെ ഫാ.എ.ടി. ബേബി ഐസക് എന്നിവര്‍ പ്രസംഗിക്കും.
വിവിധ സഭാ വിഭാഗങ്ങളിലെ സന്യസ്തരും അല്മായരും ഉള്‍പ്പെടെ 1500 ഓളം പേര്‍ റാലിയിലും ആഘോഷത്തിലും പങ്കെടുക്കും.

ചെയര്‍മാന്‍ റവ.ഡോ.വിന്‍സന്റ് പുളിക്കല്‍(സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച്, കല്‍പ്പറ്റ), ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ.ജോണ്‍സണ്‍ അവരെവ്(സെന്റ് ജൂഡ്‌സ് ചര്‍ച്ച്, ചുണ്ടേല്‍), ജനറല്‍ കണ്‍വീനര്‍ കെ.കെ. ജേക്കബ്, മറ്റു ഭാരവാഹികളായ ഫാ.റോയി വലിയപറമ്പില്‍, ഫാ.എ.ടി. ബേബി ഐസക്, ഫാ.ജെ. മോഹന്‍ദാസ്, ജോണി പാറ്റാനി, കെ.ഐ. വര്‍ഗീസ് എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *