മീനങ്ങാടി : ജാർഖണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന 69 -ാമത് ദേശീയ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന കേരള ടീമിൻ്റെ ക്യാപ്റ്റനായി അർപ്പിത സാറ ബിജു തിരഞ്ഞെടുക്കപ്പെട്ടു. മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ അർപ്പിതയോടൊപ്പം , അതെ വിദ്യാലയത്തിലെ കെ.എസ് നന്ദനയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. മീനങ്ങാടി ചെമ്മണ്ണാംകുഴിയിലെ പൊട്ടക്കൽ ബിജുവിൻ്റെയും ദീപയുടെയും മകളാണ് അർപ്പിത . ഈ വർഷം
ഛത്തിസ്ഗഡിൽ നടന്ന ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും, മഹാരാഷ്ട്രയിലെ ഗോലക് പൂരിൽ നടന്ന അണ്ടർ- 14 വിഭാഗം പെൺകുട്ടികളുടെ ദേശീയ സ്കൂൾ ഗെയിംസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
ദേശീയ തലത്തിൽ ആദ്യമായി മത്സരിക്കുന്ന നന്ദന മീനങ്ങാടി കൊങ്ങിയമ്പത്ത് സുധാകരൻ്റെയും സിനിയുടെയും മകളാണ്.
മീനങ്ങാടി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്നതിനായി ആരംഭിച്ച വിസ്ഡം അക്കാദമിയിലെ താരങ്ങളാണ് ഇരുവരും. അക്കാദമിയിൽ പി.സി ബിനോയിയാണ് മുഖ്യ പരിശീലകൻ.
