കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ഭരണത്തിന്റെ ആദ്യ പകുതിയില്‍ കോണ്‍ഗ്രസിലെ ഗിരിജ കൃഷ്ണന്‍ പ്രസിഡന്റ് ആയേക്കും. ഭരണപരിചയമുള്ള ഗിരിജ പ്രസിഡന്റാകുന്നതാണ് ഉത്തമമെന്ന അഭിപ്രായത്തിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം. 17 അംഗ ജില്ലാ പഞ്ചായത്തിലെ ഒമ്പത് ഡിവിഷനുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രസിഡന്റ് പദവിയില്‍ ആദ്യ ഊഴം കോണ്‍ഗ്രസിനു ലഭിക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലരും കരുതുന്നത്. ത്രിതല പഞ്ചായത്ത്, മുനിസിപ്പല്‍ അധ്യക്ഷ പദവി വീതം വയ്ക്കുന്നതില്‍ യുഡിഎഫ് ജില്ലാ നേതൃതല ചര്‍ച്ച അടുത്ത ദിവസം നടക്കുമെന്നാണ് വിവരം. ജില്ലാ പഞ്ചായത്തിലും മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളിലും(ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി, പനമരം) ബത്തേരി, മാനന്തവാടി മുനിസിപ്പാലിറ്റികളിലും 17 പഞ്ചായത്തുകളിലും ഭരണസമിതി രൂപീകരിക്കുന്നതിനു യുഡിഎഫിന് ഭൂരിപക്ഷമുണ്ട്.
വനിതയ്ക്കു സംവരണം ചെയ്തതാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ഗിരിജ കൃഷ്ണന്‍(മുള്ളന്‍കൊല്ലി ഡിവിഷന്‍),ചന്ദ്രിക കൃഷ്ണന്‍(വൈത്തിരി), ഷീജ സതീഷ്(നൂല്‍പ്പുഴ), ജിനി തോമസ്(അമ്പലവയല്‍) എന്നിവര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച വനിതകളില്‍ പ്രമുഖരാണ്. മുഫീദ തെസ്‌നി(തരുവണ), ടി.കെ. നസീമ(മുട്ടില്‍) എന്നിവര്‍ മുസ്‌ലിംലീഗ് നിരയിലെ വനിതകളില്‍ പ്രധാനികളാണ്.
മുള്ളന്‍കൊല്ലി പഞ്ചായത്ത് മുന്‍ പ്രസിഡന്റും കാലാവധി പൂര്‍ത്തിയായ പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റുമാണ് ഗിരിജ കൃഷ്ണന്‍. പട്ടികവര്‍ഗത്തിലെ കുറുമ വിഭാഗത്തില്‍നിന്നുള്ള ഇവരെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കുന്നത് പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നാണ് നേതാക്കളില്‍ ഒരു വിഭാഗം കരുതുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ദീര്‍ഘകാലമായി പട്ടികവര്‍ഗത്തിലെ കുറിച്യ സമുദായത്തിനുമാത്രം കോണ്‍ഗ്രസ് പരിഗണന നല്‍കുന്നുവെന്ന പരിഭവം കുറുമ സമുദായത്തിനുണ്ട്. ഗിരിജയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കുന്നത് ഈ പിണക്കം നീങ്ങാന്‍ ഉതകുമെന്നു കരുതുന്നവര്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിരവധിയാണ്.
കാലാവധി പൂര്‍ത്തിയായ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ അധ്യക്ഷ ചന്ദ്രിക കൃഷ്ണനു ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി നല്‍കണമെന്ന അഭിപ്രായം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരില്‍ ശക്തമാണ്. എല്‍ഡിഎഫിന് മേല്‍ക്കൈയുള്ള ഡിവിഷനിലാണ് ചന്ദ്രിക ജയിച്ചുകയറിയത്. കോണ്‍ഗ്രസ് മുട്ടില്‍ മണ്ഡലം വൈസ് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമാണ് അവര്‍.
നൂല്‍പ്പുഴ ഡിവിഷനില്‍ വിജയിച്ച ഷീജ സതീഷ് കാലാവധി പൂര്‍ത്തിയായ നൂല്‍പ്പുഴ പഞ്ചായത്തിന്റെ പ്രസിഡന്റാണ്. ദീര്‍ഘകാലമായി പൊതുരംഗത്ത് സജീവമാണ് ഇവര്‍. അമ്പലവയല്‍ ഡിവിഷനില്‍ ജയിച്ച ജിനി തോമസ് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍(ഐഎന്‍ടിയുസി) സംസ്ഥാന സെക്രട്ടറിയുമാണ്. ജിനിയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയില്‍ എത്തിക്കുന്നുന്നനുള്ള നീക്കം മഹിളാ കോണ്‍ഗ്രസില്‍ സജീവമാണ്. ഭരണത്തില്‍ മുസ്‌ലിംലീഗിന് ആദ്യ ഊഴം ലഭിച്ചാല്‍ മുഫീദ തെസ്‌നിക്കാണ് കൂടുതല്‍ സാധ്യത. മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റാണ് അവര്‍.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *