കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും ബോച്ചെ എഎഫ്‌സി വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന 11-ാമത് എസ്എഫ്എ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് (ആവേശം സീസണ്‍-രണ്ട്) മീനങ്ങാടി ശ്രീകണ്ഠപ്പ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ 20ന് ആരംഭിക്കും.
രാത്രി 7.30ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യും. അണ്ടര്‍-23 ഇന്ത്യന്‍ ടീം അംഗം അലന്‍ സജി, സുബ്രതോ കപ്പ് കേരള ടീം ക്യാപ്റ്റന്‍ കെ.ആര്‍. പ്രിയരഞ്ജിനി എന്നിവര്‍ മുഖ്യാതിഥികളാകും. എസ്എഫ്എ സംസ്ഥാന ജനറല്‍ സെക്രട്ടറി സുമേഷ് ഇരിട്ടി, ട്രഷറര്‍ ഇളയിടത്ത് അഷ്‌റഫ്, ജനപ്രതിനിധികള്‍, ഏകോപന സമിതി സംസ്ഥാന, ജില്ലാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ടൂര്‍ണമെന്റ് വിളംബരം ചെയ്ത് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് മീനങ്ങാടി 54ല്‍നിന്നു ബസ്സ്റ്റാന്‍ഡ് പരിസരത്തേക്ക് ഘോഷയാത്ര നടത്തും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ധനസമാഹരണത്തിനാണ് ടൂര്‍ണമെന്റ് നടത്തുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ജോജിന്‍ ടി. ജോയി, വൈസ് ചെയര്‍മാന്‍ കെ. ഉസ്മാന്‍, കണ്‍വീനര്‍ സി. റഷീദ്, ട്രഷറര്‍ നൗഷാദ് കരിമ്പനയ്ക്കല്‍, മറ്റു ഭാരവാഹികളായ പി. ഷഫീഖ്, എം. റഹീം, ഇ. ഹൈദ്രു, എം.വി. പ്രമേഷ്, മത്തായി ആല്‍ഫ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സബാന്‍ കോട്ടക്കല്‍, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, അഭിലാഷ് എഫ്‌സി കുപ്പുത്ത്, അല്‍ മദീന ചെര്‍പ്പുളശേരി, കെഎംജി മാവൂര്‍, ഷൂട്ടേഴ്‌സ് പടന്ന കാസര്‍ഗോഡ്, എഫ്‌സി നെല്ലിക്കുത്ത്, ഉദയ പറമ്പില്‍പീടിക, ബെയ്‌സ് പെരുമ്പാവൂര്‍, കെആര്‍എസ്‌സി കോഴിക്കോട്, ഹിറ്റാച്ചി എഫ്‌സി തൃക്കരിപ്പൂര്‍, ലിന്‍ഷ മെഡിക്കല്‍സ് മണ്ണാര്‍ക്കാട്, സോക്കര്‍ ഷൊര്‍ണൂര്‍, റിയല്‍ എഫ്‌സി തെന്നല, എഎഫ്‌സി വയനാട്, ടൗണ്‍ ടീം അരിക്കോട്, ഉഷ എഫ്‌സി തൃശൂര്‍, ഹണ്ടേഴ്‌സ് കൂത്തുപറമ്പ്, എവൈസി ഉച്ചാരക്കടവ്, എഫ്‌സി പെരിന്തല്‍മണ്ണ എന്നീ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഓരോ ടീമിലും വിദേശ, ദേശീയ താരങ്ങള്‍ ഉണ്ടാകും. ദിവസവും ഒരു കളിയാണ് ഉണ്ടാകുക. രാത്രി എട്ടിന് ആരംഭിക്കും. ഒരേസമയം 5,000 പേര്‍ക്ക് കളി കാണുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ആദ്യ റൗണ്ട് പൂര്‍ത്തിയാകുന്നതോടെ ഗാലറി വികസിപ്പിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ സ്ത്രീകള്‍ക്കും ആറ് വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കും പ്രവേശനം സൗജന്യമാണ്. ആയിരം രൂപയുടെ സീസണ്‍ ടിക്കറ്റ് കെവിവിഇഎസ് ഓഫീസുകളിലും മീനങ്ങാടിയിലെ ടൂര്‍ണമെന്റ് കമ്മിറ്റി ഓഫീസിലും ലഭ്യമാണ്. സ്റ്റേഡിയം വളപ്പില്‍ ടിക്കറ്റ് കൗണ്ടര്‍ ഉണ്ടാകും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *