രാജ്യത്തെ കറന്‍സി നോട്ടുകളുടെ സുരക്ഷയും ഈടുനില്‍പ്പും വര്‍ധിപ്പിക്കുന്നതിനായി 100, 500 രൂപ നോട്ടുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താന്‍ റിസര്‍വ് ബാങ്ക് (RBI) ഒരുങ്ങുന്നു.

കള്ളനോട്ടുകള്‍ തടയുന്നതിനും കാഴ്ചപരിമിതിയുള്ളവര്‍ക്ക് നോട്ടുകള്‍ തിരിച്ചറിയുന്നത് എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്‌കാരങ്ങള്‍.

നോട്ടുകളിലെ സെക്യൂരിറ്റി ത്രെഡ് (Security Thread), വാട്ടര്‍മാര്‍ക്ക് എന്നിവയില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തും. വെളിച്ചത്തില്‍ നോക്കുമ്പോള്‍ നിറം മാറുന്ന ‘കളര്‍ ഷിഫ്റ്റിംഗ് ഇങ്ക്’ (Color-shifting ink) കൂടുതല്‍ വ്യക്തതയുള്ളതാക്കും.

കാഴ്ചപരിമിതിയുള്ളവര്‍ക്കായി പ്രത്യേക അടയാളങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. നോട്ടുകളുടെ വശങ്ങളിലുള്ള ബ്ലീഡ് ലൈനുകളിലും (Bleed lines) ഇന്റാഗ്ലിയോ പ്രിന്റിംഗിലും മാറ്റങ്ങള്‍ വരുത്തും. ഇത് കാഴ്ചപരിമിതിയുള്ളവര്‍ക്ക് നോട്ടിന്റെ മൂല്യം തൊട്ടറിയാന്‍ കൂടുതല്‍ സഹായകരമാകും.

നിലവിലുള്ള നോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി ആര്‍ബിഐയുടെ പുതിയ ഗവര്‍ണറുടെ ഒപ്പായിരിക്കും ഈ നോട്ടുകളില്‍ ഉണ്ടാവുക. കൂടാതെ നോട്ടുകള്‍ അച്ചടിച്ച വര്‍ഷം 2026 എന്നും രേഖപ്പെടുത്തും.

പഴയ നോട്ടുകള്‍ അസാധുവാകുമോ?

ഇല്ല. പുതിയ നോട്ടുകള്‍ വിപണിയിലിറങ്ങിയാലും നിങ്ങളുടെ കയ്യിലുള്ള പഴയ 100, 500 രൂപ നോട്ടുകള്‍ നിയമപരമായി തന്നെ നിലനില്‍ക്കും (Legal Tender). പഴയ നോട്ടുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച്‌ നിലവില്‍ ആര്‍ബിഐ യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല.

സാധാരണയായി 5 മുതല്‍ 7 വര്‍ഷം കൂടുമ്പോള്‍ നോട്ടുകളുടെ സുരക്ഷാ ഫീച്ചറുകളില്‍ മാറ്റം വരുത്തുന്നത് ആഗോളതലത്തിലുള്ള രീതിയാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും കറന്‍സിയുടെ വിശ്വാസ്യത ഉറപ്പാക്കാനാണ് ആര്‍ബിഐ ഈ നടപടി സ്വീകരിക്കുന്നത്.

പുതിയ നോട്ടുകള്‍ ഘട്ടം ഘട്ടമായി ബാങ്കുകള്‍ വഴി വിതരണം ചെയ്യാനാണ് തീരുമാനം. വരും മാസങ്ങളില്‍ തന്നെ പുതിയ ഡിസൈനിലുള്ള നോട്ടുകള്‍ വിപണിയില്‍ എത്തിയേക്കും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *