പനമരം: പച്ചിലക്കാട് പടിക്കംവയലിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് ഇന്നു രാവിലെ തിരച്ചിൽ തുടരും. പ്രദേശത്തെ കാപ്പിതോട്ടങ്ങൾ കേന്ദ്രീകരിച്ച് ആർ.ആർ.ടി സംഘം തെർമൽ ഡ്രോൺ പരിശോധന തുടരും.
പടിക്കംവയൽ ഭാഗത്തെ വയൽപ്രദേശത്തോട് ചേർന്ന വാഴത്തോട്ടത്തിലാണ് ഇന്നലെ രാവിലെ ഒൻപത് മണിയോടെ നാട്ടുകാർ കടുവയെ കണ്ടത്.
മാനന്തവാടി, കൽപറ്റ ആർആർടി സംഘം തെർമൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കടുവയുടെ ചിത്രം കണ്ടെത്തിയിരുന്നു.
കടുവയെ ലൊക്കേറ്റ് ചെയ്താൽ മയക്ക് വെടിവച്ച് പിടികൂടുന്ന നടപടികളിലേക്ക് കടക്കും. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ്റെ മേൽനോട്ടത്തിൽ അഞ്ച് റേഞ്ചുകളിലെ ഉദ്യോഗസ്ഥർ പ്രദേശത്ത് കാവൽ തുടരുന്നുണ്ട്.
പ്രദേശത്തെ ആളുകൾക്കും കാപ്പിതോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും വനം വകുപ്പ് ജാഗ്രതാ നിർദേശം നൽകി. പ്രദേശത്തെ സ്കുളുകൾ, അങ്കണവാടികൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.
