കല്‍പ്പറ്റ: ഭാരതീയ കിസാന്‍ സംഘ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 17ന് രാവിലെ 10 മുതല്‍ ഉച്ച വരെ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ വില സമയബന്ധിതമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, നെല്‍ക്കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്റീവ് കിലോഗ്രാമിന് 8.8 രൂപ പുനഃസ്ഥാപിക്കുക, പാരമ്പര്യ കര്‍ഷകരുടെ ഉന്നമനത്തിന് അനുവദിച്ച തുക വകമാറ്റി ചെലവഴിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുക, കൃഷി ഉദ്യോഗസ്ഥര്‍ ഫീല്‍ഡില്‍ ഇറങ്ങി കാര്‍ഷിക പ്രവൃത്തികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുക, ജൈവ കര്‍ഷര്‍ക്ക് വിപണി ഒരുക്കുകയും മതിയായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുക, 60 വയസ് കഴിഞ്ഞ കര്‍ഷകര്‍ക്ക് ഉപജീവനത്തിന് പര്യാപ്തമായ തുക പെന്‍ഷന്‍ അനുവദിക്കുക, പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍നിന്നുള്ള വാര്‍ഷിക സഹായം 12,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് സംസ്ഥാന സമിതിയംഗം എം. ശശികുമാര്‍, ജില്ലാ പ്രസിഡന്റ് കെ. ബാലന്‍, സെക്രട്ടറി രവിചന്ദ്രന്‍ കമ്മന, ട്രഷറര്‍ നാരായണന്‍ ഏച്ചോം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
