കല്‍പ്പറ്റ: കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്, വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി വില്‍സണ്‍ തോമസ് എന്നിവരെ രാഷ്ട്രീയപ്രേരിതമായി കാസര്‍ഗോഡ് ജില്ലയിലേക്ക് സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ടി.എയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ ഡി.ജി.ഇ ഓഫീസിന് മുന്നിലും കേരളത്തിലെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും നടന്ന വ്യാപകമായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് വയനാട്ടിലും പ്രതിഷേധം ഇരമ്പിയത്. പ്രകടനത്തിന് ശേഷം സിവില്‍ സ്‌റ്റേഷന് മുന്നില്‍ വെച്ച് അധ്യാപകര്‍ സ്ഥലംമാറ്റ ഉത്തരവ് കത്തിച്ചു.

ജൂണ്‍ 5നാണ് പി.ജെ. ബിനേഷിനെ വയനാട് ജി.എച്ച്.എസ്.എസ് പെരിക്കല്ലൂരിലേക്കും, വില്‍സണ്‍ തോമസിനെ നൂല്‍പ്പുഴ ആര്‍.ജി.എം.ആര്‍.എച്ച്.എസ്.എസിലേക്കും നിയമിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഇവരെ വിദ്യാലയങ്ങളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ (ജോയിന്‍ ചെയ്യാന്‍) അധികൃതര്‍ അനുവദിച്ചില്ലെന്ന് സംഘടന ഭാരവാഹികള്‍ ആരോപിച്ചു. ഇതിന് പിന്നാലെ, ജൂണ്‍ 10ന് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലയേറ്റ ദിവസം തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പുതിയ ഉത്തരവിറക്കുകയും ഇവരുടെ നിയമനം കാസര്‍ഗോഡ് ജില്ലയിലേക്ക് മാറ്റുകയുമായിരുന്നു.

സിവില്‍ സ്‌റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എ.ഇ. സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി. രാജന്‍ വിഷയം വിശദീകരിച്ച് സംസാരിച്ചു.

തുടര്‍ന്ന് നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്, സംസ്ഥാന കമ്മിറ്റി അംഗം വി.എ. ദേവകി എന്നിവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ചു സംസാരിച്ചു. ജില്ലാ ട്രഷറര്‍ പി. ബിജു സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് ബിനുമോള്‍ ജോസ് നന്ദിയും രേഖപ്പെടുത്തി. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുള്ള ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *